വിതുര: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടമാണെന്ന് പ്രകാശ് കാരാട്ട്. എൽ.ഡി.എഫ്. വിതുരമേഖല കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കുക എന്ന നയമാണ് ബി.ജെ.പി. സ്വീകരിച്ചുവന്നത്. 43 ആൾക്കൂട്ട കൊലപാതകങ്ങളാണ് ഈ ദുർഭരണത്തിൻ കീഴിൽ രാജ്യത്ത് നടന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിൽക്കാൻ ബി.ജെ.പി.ക്കെതിരായി ഇടതുപക്ഷത്തിൻന്റെ പിന്തുണയുള്ള ബദൽ ഉയർന്നുവരേണ്ടതുെണ്ടന്ന് കാരാട്ട് പറഞ്ഞു. പല സംസ്ഥാനങ്ങളിലും ബി.ജെ.പി.യോട് വിട്ടുവീഴ്ച മനോഭാവം പുലർത്തുന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. ജനപക്ഷ മതേതര സർക്കാരാണ് രാജ്യത്ത് ഉയർന്നുവരേണ്ടതെന്നും അതിന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.

യോഗത്തിൽ ആർ.കെ.ഷിബു അധ്യക്ഷനായി.എൽ.ഡി.എഫ്. നേതാക്കളായ കാട്ടാക്കട ശശി, ചാരുപാറ രവി, കെ.എസ്.സുനിൽകുമാർ, എം.എസ്.റഷീദ്, കെ.എസ്.അരുൺ, എൻ.ഷൗക്കത്തലി, പി.അയ്യപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു.