വിതുര: ചെറ്റച്ചൽ ജഴ്സിഫാമിലെ പശുക്കിടാങ്ങൾ ദുരിതത്തിലെന്ന് ആക്ഷേപം. സ്ഥലവും സൗകര്യവുമില്ലാത്ത കിടാരിഷെഡ്ഡിൽ തിങ്ങി നിറഞ്ഞാണ് കിടാങ്ങൾ നിൽക്കുന്നത്. പുല്ലും തീറ്റയും വെള്ളം കുടിക്കാനോ ഉള്ള സൗകര്യം പോലുമില്ല. തീറ്റ നൽകാനോ ശുശ്രൂഷിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് തൊഴിലാളികൾ.

നിർമാണ സമയത്തുതന്നെ കെട്ടിടത്തെക്കുറിച്ച് ആക്ഷേപമുയർന്നിരുന്നു. കിടാരികൾക്കു നിൽക്കാൻ ഇടമില്ലാത്ത രീതിയിലാണ് ഷെഡ്ഡ് പണിതത്. ഒരു മാസം വരെ പ്രായമുള്ള കുട്ടികൾക്ക് കഷ്ടിച്ച് നിൽക്കാനുള്ള ഇടംമാത്രമേ കെട്ടുന്ന സ്ഥലത്തുള്ളൂ. എന്നാൽ, അധികം പ്രായമുള്ള കിടാരികളാണ് ഇപ്പോൾ ഇവിടെയുള്ളത്.

ചാണകവും ഗോമൂത്രവും ഒഴുകിപ്പോകാനുള്ള സൗകര്യവുമില്ല. തറ വൃത്തിയാക്കാൻ കഴിയാത്തതിനാൽ കിടാങ്ങൾ താഴെ വീഴുന്നതും പരിക്കേൽക്കുന്നതും പതിവായി. തറയിൽ കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് കിടാരികൾ കിടക്കുന്നത്. ജില്ലാപ്പഞ്ചായത്ത് ഫാമിൽ ആവിഷ്കരിച്ച വിവിധ വികസനപദ്ധതികളുടെ ഭാഗമായാണ് കിടാരികളെ പാർപ്പിക്കാൻ പ്രത്യേക ഷെഡ്ഡ്‌ നിർമിച്ചത്. ആടുഫാം, മണ്ണിരക്കമ്പോസ്റ്റ് നിർമാണം, പുതിയ കാലിഷെഡ്ഡുകൾ തുടങ്ങിയ സംരംഭങ്ങൾക്കൊപ്പമാണ് ഇതും നിർമിച്ചത്.

ഷെഡ്ഡിനെക്കുറിച്ചുള്ള പരാതികൾ പരിഗണനയ്ക്കെടുക്കാതെ നിർമാണം പൂർത്തിയാക്കി. കഴിഞ്ഞ ഏപ്രിലിൽ മന്ത്രി കെ.രാജു ഷെഡ്ഡ് ഉദ്ഘാടനവും ചെയ്തു. ആഴ്ചകൾക്കുള്ളിൽ ഷെഡ്ഡിന്റെ തറയിളകാൻ തുടങ്ങി. ദിവസങ്ങൾ കഴിയുന്തോറും വലിയ അളവിൽ സിമന്റും മണലുമിളകിത്തുടങ്ങി. തറയിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ കിടാങ്ങളുടെ കാര്യം ഏറെ ദുരിതത്തിലായി. മാതൃഭൂമി ഈ വിവരം റിപ്പോർട്ടു ചെയ്തിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണവും നടന്നു. അടിയന്തരമായി നവീകരണം ഉറപ്പുനൽകി ഒരു വർഷം കഴിഞ്ഞിട്ടും അവസ്ഥയിൽ മാറ്റമില്ല. ആഴ്ചകൾ കഴിയുന്തോറും കന്നുകിടാങ്ങളുടെ സ്ഥിതി ദയനീയമാവുകയാണ്.

Content Highlights: Vithura Chettachal jersey farm