വിതുര: വിതുര ബോണക്കാട് റോഡുനവീകരണം എങ്ങുമെത്തുന്നില്ല. വർഷങ്ങളായുള്ള ദുരിതയാത്രയ്ക്ക് പരിഹാരമില്ലാതെ വലയുകയാണ് പ്രദേശവാസികളും യാത്രക്കാരും. അപകടവളവുകളും തകർന്നടിഞ്ഞ റോഡും പുനർനിർമിക്കുമെന്ന് സ്ഥലം എം.എൽ.എ. കെ.എസ്.ശബരീനാഥൻ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭ നടപടികൾപോലും തുടങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വിതുര-പൊന്മുടിപ്പാതയിലെ തേവിയോടുനിന്നാണ് റോഡ് തിരിയുന്നത്. ഇവിടെ അപകടകരങ്ങളായ വളവുകളുണ്ട്. വീതിക്കുറവ് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.

ശാന്തിനഗർ, പേരയം ഭാഗങ്ങളിൽ അപകടസാധ്യതയേറിയ നിരവധി വളവുകളുണ്ട്. വാഹനങ്ങൾക്ക് സൈഡു കൊടുക്കാൻപോലും സ്ഥലമില്ലാത്ത വളവുകൾ പലപ്പോഴും അപകടക്കെണികളാണ്.

റോഡരികുകൾ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഓടകളില്ലാത്തതും അറ്റകുറ്റപ്പണി ചെയ്യാത്തതുമാണ് കാരണം.

വളവുകളിൽ അരികുചേർന്നു വരുന്ന വാഹനങ്ങളിൽ പലതും ഈ കുഴികളിൽ വീഴുന്നതു പതിവാണ്. റോഡിലെ കുണ്ടും കുഴികളും യാത്ര ദുരിതമാക്കുകയാണ്.

മഴക്കാലത്ത് റോഡ് തോടായി മാറുന്നതായി നാട്ടുകാർ പറയുന്നു. കെ.എസ്‌.ആർ.ടി.സി. ബസുകളും, ജഴ്സിഫാമിലേക്കുള്ള ചരക്കുലോറികളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. ആംബുലൻസുകൾ ഉൾപ്പെടെ ഐസറിലേക്കു പോകുന്ന വാഹനങ്ങളുടെ എണ്ണവും ഏറെ.

അഗസ്ത്യകൂടം, ബോണക്കാട് കുരിശുമല എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടനപാത കൂടിയാണ് റോഡ്.

വാഴുവാൻതോൾ, ചാത്തൻകോട് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഏക വഴിയും ഇതാണ്.

Content Highlights: Vithura