വിതുര : കോവിഡ്-19 വ്യാപനം പ്രതിരോധിക്കുന്നതിനായി വിതുരയിൽ വെള്ളിയാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.
പഞ്ചായത്ത് സെക്രട്ടറി ജോസഫ് ബിജുവാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ച് ആളുകൾ കൂട്ടംകൂടുന്നത് പൂർണമായി നിരോധിച്ചു.
വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ പ്രവർത്തിക്കാവൂ. ഞായറാഴ്ചകളിൽ പഞ്ചായത്തിൽ സമ്പൂർണ ലോക് ഡൗണായിരിക്കും. കടകളിലെ ജീവനക്കാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുന്നതിനൊപ്പം, ഹാൻഡ് പമ്പ് ഉപയോഗിച്ച് ശുചിയാക്കുകയും വേണം.
കടകൾക്കു പുറത്ത് സാനിട്ടൈസറുകളും ഹാൻഡ് വാഷും സജ്ജമാക്കണം. മാസ്ക് ധരിക്കാതെയെത്തുന്നവർക്ക് സാധനങ്ങൾ നൽകാൻ പാടില്ല.
തുണിക്കട, ജൂവലറി പോലുള്ള സ്ഥാപനങ്ങളിൽ ഒരുസമയം അഞ്ചുപേരിൽക്കൂടുതൽ പ്രവേശിക്കരുത്. നിർമാണ തൊഴിലാളികൾക്ക് മാസ്കുകളും സാനിട്ടൈസറുകളും സുരക്ഷാ ഉപകരണങ്ങളും തൊഴിലുടമയോ കെട്ടിടമുടമയോ നൽകണം. ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, മാവേലി സ്റ്റോറുകൾ എന്നിവയ്ക്കു മുന്നിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല.
ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. വാഹനങ്ങളിലുള്ള കച്ചവടം പൂർണമായി നിരോധിച്ചു. ഭക്ഷണശാലകളിൽ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഇല, ഗ്ലാസ് എന്നിവ ഉപയോഗിക്കണം.
ഓട്ടോറിക്ഷകൾ പോലീസ് നൽകിയ ഒറ്റ ഇരട്ട അക്കങ്ങൾ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം നിരത്തിലിറക്കണം.
നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് എസ്.എച്ച്.ഒ. എസ്.ശ്രീജിത്ത് അറിയിച്ചു.