വിതുര : മലയോരത്തെ ഊരുകളിൽ കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് വനം വകുപ്പ് ചെക്‌പോസ്റ്റ് സ്ഥാപിച്ചു. മണലി വാർഡിലെ നെട്ടയത്താണ് വനം വകുപ്പും വനസംരക്ഷണ സമിതിയും ചേർന്ന് ചെക് പോസ്റ്റിട്ടത്. പഞ്ചായത്തിലെ പ്രധാന ആദിവാസി ഊരുകളായ ചെമ്പിക്കുന്ന്, തലത്തൂതക്കാവ്, കൊമ്പുരാൻകല്ല്, അല്ലത്താര, കല്ലൻകുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസവും വാഹനങ്ങൾ പോകുന്നതായി പരാതിയുയർന്നതിനെത്തുടർന്നാണ് നടപടി.
അനാവശ്യമായി വനമേഖലകളിലേക്കുള്ള സഞ്ചാരം തടയുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
കമ്പുകൾകൊണ്ടാണ് ചെക്പോസ്റ്റ് നിർമിച്ചത്. കാവലിനായി വന സംരക്ഷണസമിതിയംഗങ്ങളുമുണ്ട്. എത്തുന്ന വാഹനങ്ങൾ, യാത്രക്കാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും രേഖപ്പെടുത്തി മാത്രമേ കടത്തിവിടുകയുള്ളൂ. സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. കല്ലാർ ഫോറസ്റ്റ് ഓഫീസർ റീഗൺ ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡൻറ് കല്ലൻകുടി മനോഹരൻ കാണി, ഊരുമൂപ്പൻ ശശിധരൻ കാണി തുടങ്ങിയവർ പങ്കെടുത്തു.