വിതുര: വീണ്ടുമൊരു തിരഞ്ഞെടുപ്പെത്തുമ്പോഴും പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിർത്തിയിലെ നരിക്കല്ല് കോളനിയിലെ താമസക്കാരുടെ ദുരിതത്തിനു പരിഹാരമായില്ല. ഒരു രേഖകളുമില്ലാതെ 20 വർഷമായി ദുരിതജീവിതമാണ് ഇവർ അനുഭവിക്കുന്നത്. ഭൂമിയുടെ പ്രമാണമോ കൈവശരേഖയോ ഇല്ല. അതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

പൊന്മുടി, കുളച്ചിക്കര എന്നിവിടങ്ങളിലുള്ള 20 കുടുംബങ്ങളെ ഗ്രാമപ്പഞ്ചായത്തു വാങ്ങിയ സ്ഥലത്തു മാറ്റിപ്പാർപ്പിച്ചത് 1999-ലാണ്. നാലു സെൻറു വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്‌. എന്നാൽ, വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് രേഖകളില്ലാതെയാണ് തങ്ങളുടെ താമസമെന്ന് കോളനിക്കാർ മനസ്സിലാക്കിയത്. പഞ്ചായത്തോഫീസിലെത്തി അന്വേഷിച്ചപ്പോൾ അവർ കൈമലർത്തിയതായി ഇവർ പറയുന്നു. പഞ്ചായത്തിൽ ഈ സ്ഥലത്തിന്റെ രേഖകളില്ലെന്നാണ് ലഭിച്ച മറുപടി. വൈദ്യുതിക്കും നടവഴിക്കുമായി കോളനിക്കാർ കാത്തിരുന്നത് പത്തുവർഷം. നിരന്തരമായ പരാതിയുടെ ഫലമായി ഒടുവിൽ വൈദ്യുതിയെത്തി. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽനിന്നും വൈദ്യുതവിളക്കുകളിലേക്കു മാറിയതാണ് ഇവരുടെ ജീവിതത്തിലുണ്ടായ ഏകമാറ്റം. എന്നാൽ, വഴിയുടെ അവസ്ഥ പഴയ നിലയിൽത്തന്നെ. ശോച്യാവസ്ഥയിലായ കുടിലുകളാണ് കോളനിയിലുള്ളത്.

ശക്തമായ കാറ്റോ മഴയോ വന്നാൽ ഭീതിയോടെയാണ് ജീവിതം. പലപ്പോഴായി ’മാതൃഭൂമി’ നൽകിയ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത്ത് വീടുകൾക്കു നമ്പരിട്ടു നൽകി. എന്നാൽ, മറ്റു രേഖകളില്ലാത്തത് ആനുകൂല്യങ്ങൾ ലഭിക്കാൻ തിരിച്ചടിയായി. മാറിമാറി വന്ന ജനപ്രതിനിധികൾ തങ്ങളെ പൂർണമായും അവഗണിച്ചതായി കോളനിക്കാർ പറയുന്നു. തങ്ങൾ ഇവിടെ വന്നതിനു ശേഷം വിവിധതലങ്ങളിലായി 12 തിരഞ്ഞെടുപ്പുകൾ നടന്നു. അവയിലെല്ലാം വോട്ടു രേഖപ്പെടുത്തിയ തങ്കമ്മ എന്ന 80-കാരിയും രത്തിനംപിള്ള എന്ന 72-കാരനും കന്നിവോട്ടർമാരായ ലിബിൻ, ഹരികൃഷ്ണൻ എന്നിവർ ഈ തിരഞ്ഞെടുപ്പിലും പ്രതീക്ഷയിലാണ്. അടച്ചുറപ്പുള്ള വീടും വഴിയുമാണ് ഇവരുടെ ആഗ്രഹം. സർക്കാർ ആനുകൂല്യങ്ങൾക്കുള്ള രേഖകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പു കാലത്തും നരിക്കല്ല്‌ കോളനിക്കാരിലുള്ളത്.