വിതുര: പ്രളയബാധിതപ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജില്ലയിലെ മലയോരമേഖലയിൽനിന്നുള്ളവരും. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽനിന്നു നിരവധിപേരാണ് ശുചീകരണപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. വിവിധ രാഷ്ട്രീയകക്ഷികളുടെയും സാംസ്‌കാരികസംഘടനകളുടെയും പ്രവർത്തകർ കർമരംഗത്ത് സജീവമാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വീടുകളും പരിസരവും വൃത്തിയാക്കുന്നതിനാണ് ഗ്രാമീണമേഖലയിൽനിന്നുള്ളവർ കൂടുതൽപേരും എത്തുന്നത്.

ത്രിതലപഞ്ചായത്ത്‌ പ്രതിനിധികളും ഉദ്യോഗസ്ഥരിൽ പലരും വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും ജീവനക്കാരുടെ പ്രതിനിധികളും സേവനരംഗത്തുണ്ട്. ചെറ്റച്ചൽ, വിതുര ജഴ്‌സിഫാമുകളിലെ തൊഴിലാളികൾ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇരു ഫാമുകളിൽനിന്നുമായി നാൽപ്പതോളം ജീവനക്കാർ ചെങ്ങന്നൂരിലെ വിവിധഭാഗങ്ങളിലെത്തി വീടുകളും പരിസരവും ശുചീകരിച്ചു.

ജില്ലാപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ഫാമുകളിൽനിന്ന് പ്രസിഡന്റ് വി.കെ.മധുവിന്റെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. മലിനജലം നിറഞ്ഞ കിണറുകൾ ശുദ്ധീകരിക്കുകയായിരുന്നു ആദ്യഘട്ടപ്രവർത്തനമെന്ന് ചെറ്റച്ചൽ ഫാമിലെ തൊഴിലാളികളായ എൻ.സന്തോഷ്, ആർ.പദ്മകുമാർ തുടങ്ങിയവർ പറഞ്ഞു. വീടുകളും പൊതുസ്ഥാപനങ്ങളും ശുചീകരിക്കാനായി വിവിധ സ്ഥലങ്ങളിലേക്കു പോകാനൊരുങ്ങുകയാണ് മലയോരത്തെ നിരവധി പേർ.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിലും വിതുര, തൊളിക്കോട് പഞ്ചായത്തുകൾ മാതൃകാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, സഹായധനം എന്നിവ ശേഖരിച്ച് വിവിധകേന്ദ്രങ്ങളിലെത്തിച്ചു. രാഷ്ട്രീയ-മത സംഘടനകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, വിവിധ ക്ലബ്ബുകൾ, സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ദുരിതനിവാരണപ്രവർത്തനങ്ങൾ ശുചീകരണപ്രവർത്തനങ്ങളിലൂടെ തുടരുകയാണ്.