വിതുര: കലുങ്കുജങ്ഷനിലെ റോഡിലുണ്ടായ കുഴി അപകടഭീഷണിയാകുന്നു. പൊന്മുടി ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലാണ് കുഴി രൂപംകൊണ്ടത്. ആദ്യം ചെറിയ തോതിൽ മണ്ണിളകിമാറിയുണ്ടായ കുഴി മഴയായതോടെ വലുതായി. മഴവെള്ളം കെട്ടിനിൽക്കുന്നത് അപകടസാധ്യത കൂട്ടുന്നു.

പൊന്മുടി, കല്ലാർ, ബോണക്കാട്, ഐസർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്നത് ഇവിടെയാണ്. സ്‌കൂൾ തുറന്നതിനാൽ രാവിലെയും വൈകീട്ടും ഇവിടെ കുട്ടികളുടെ തിരക്ക് ഏറെയാണ്. ഇതിനിടയിൽ കുഴിയുണ്ടായത് പ്രശ്നം രൂക്ഷമാക്കി. കുഴിയിലും ചുറ്റുമുള്ള ഭാഗങ്ങളിലും ചെളി നിറഞ്ഞ അവസ്ഥയാണ്. യാത്രക്കാർക്ക് നടന്നു ബസ്‌ കയറണമെങ്കിൽ ഏറെ ബുദ്ധിമുട്ടണം. ഈ ഭാഗത്തെ റോഡിന് നല്ലവീതിയുണ്ടെങ്കിലും കുറച്ചു സ്ഥലം മാത്രമേ ടാറ്‌ ചെയ്തിട്ടുള്ളൂ. ഒരു വശത്ത് വെള്ളം കുത്തിയൊഴുകുന്ന ഓടയാണ്. ഇക്കാരണത്താൽ ഇവിടം വലിയ കുഴിയായതാണ് മറ്റൊരു പ്രശ്നം. മഴക്കാലമായാൽ റോഡിലേക്ക് മണ്ണും ചരലും വന്നടിയുന്നത് ഇരുചക്രവാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ചരിഞ്ഞ റോഡായതിനാൽ ജങ്ഷനിലെ കച്ചവടസ്ഥാപനങ്ങളിലേക്കു വെള്ളം കയറുന്നതും പതിവാണ്.