മലയിൻകീഴ് : മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന `ബറോസ്' എന്ന സിനിമയിൽ അദ്ദേഹത്തിന്റെ വേഷപ്പകർച്ച കടിച്ചുപിടിച്ച ബ്രഷുപയോഗിച്ചു വരച്ച കലാകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അംഗീകരം. മലയിൻകീഴ് തച്ചോട്ടുകാവ് ദേവാങ്കണം എം.എസ്.ആർ.എ. 110-എയിൽ വി.വിശ്വപ്രതാപ് മൂന്നു മണിക്കൂറും 28-മിനിറ്റും കൊണ്ട് വരച്ചു പൂർത്തിയാക്കിയ ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.

മ്യൂറൽ ചിത്രകാരനായ വിശ്വപ്രതാപ് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ബ്രഷ് കടിച്ചുപിടിച്ചു ചിത്രം വരയ്ക്കുന്നത്.

അക്രിലിക് മീഡിയത്തിലാണ് ചിത്രം വരച്ചത്. കുണ്ടമൺകടവ് ദേവീക്ഷേത്രം ഒാഡിറ്റോറിയം, ശ്രീകാര്യം കല്ലംപള്ളി ദുർഗ്ഗാദേവീ ക്ഷേത്രം, ബേക്കറി ജങ്ഷനിൽ ഹൈടക് ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവിടങ്ങളിൽ വിശ്വപ്രതാപ് വരച്ച ചുമർചിത്രങ്ങളുണ്ട്.

പുസ്തകങ്ങളിലൂടെയും സാമൂഹിക മാധ്യമ ചാനലുകളിലൂടെയുമാണ് ചുമർചിത്രകല അഭ്യസിച്ചത്.

കോവിഡിനുമുൻപ് തച്ചോട്ടുകാവിൽ ആരംഭിച്ച ഗീതാലയം ആർട്‌സ് എന്ന ചിത്രകലാ പഠനകേന്ദ്രം കോവിഡിനെ തുടർന്നു തുറക്കാനായിട്ടില്ല. അച്ഛൻ: വിജയൻ. അമ്മ: ഗീത. സഹോദരി : സൗപർണിക.