panchayat trust vote
വിളൂര്‍ക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശാലിനി
പഞ്ചായത്ത് സെക്രട്ടറി ലതാകുമാരിക്ക് രാജിക്കത്ത് നല്‍കുന്നു

വിളവൂർക്കൽ: ബി.ജെ.പി. ഭരിക്കുന്ന വിളവൂർക്കൽ പഞ്ചായത്തിൽ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയം ഇടതു പിന്തുണയോടെ തള്ളി. അവിശ്വാസപ്രമേയം പരിഗണിച്ച യോഗത്തിൽനിന്ന് ബി.ജെ.പി. അംഗങ്ങളോടൊപ്പം ഇടതുപക്ഷത്തെ അഞ്ചുപേർകൂടി വിട്ടുനിന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറിനെതിരായ അവിശ്വാസം തള്ളിയത്. അതേസമയം, ഇടതു പിന്തുണയിൽ അവിശ്വാസം അതിജീവിക്കാൻ താത്പര്യമില്ലെന്ന നിലപാടെടുത്ത വൈസ് പ്രസിഡന്റ് എസ്.ശാലിനി രാജിവെച്ചു.

ചൊവ്വാഴ്ച രാവിലെ ബ്ലോക്ക് സെക്രട്ടറി അജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസിന്റെ ആറ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റ് എസ്.ശാലിനിയ്ക്കെതിരായ അവിശ്വാസം പരിഗണിക്കാനിരിക്കെയായിരുന്നു നാടകീയമായി അവരുടെ രാജി.

വൈസ് പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി ബി.ജെ.പി.യിൽ പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസമാണ് രാജിയിലേക്കു നയിച്ചതെന്നു കരുതുന്നു. വൈസ് പ്രസിഡന്റിന്റെ രാജിയുടെ കാരണം വ്യക്തിപരമാണെന്നായിരുന്നു പ്രസിഡന്റ് അനിൽകുമാറിന്റെ പ്രതികരണം.

17 അംഗ പഞ്ചായത്തിൽ ബി.ജെ.പി.യുടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിേര കോൺഗ്രസിലെ ആറ് അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസപ്രമേയം നൽകിയത്. വികസന മുരടിപ്പ്, സ്വജനപക്ഷപാതം, അഴിമതി എന്നിവ ആരോപിച്ചായിരുന്നു അവിശ്വാസം. പഞ്ചായത്തിൽ ബി.ജെ.പി.ക്കും കോൺഗ്രസിനും ആറ് അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എമ്മിലെ നാലും സി.പി.ഐ.യുടെ ഒരു പ്രതിനിധിയുമുൾപ്പെടെ അഞ്ച് അംഗങ്ങളുണ്ട്. രണ്ടു വർഷം മുൻപ് ബി.ജെ.പി.യുടെ പ്രസിഡന്റിനെതിേര കോൺഗ്രസും കോൺഗ്രസിന്റെ വൈസ് പ്രസിഡന്റിനെതിേര ബി.ജെ.പി.യും നൽകിയ അവിശ്വാസം ഇടതുപക്ഷം പിന്തുണച്ചതോടെ പാസായിരുന്നു. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നതോടെ തുല്യ വോട്ടുകളുടെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെയാണ് രണ്ടു സ്ഥാനവും ബി.ജെ.പി.ക്കു ലഭിച്ചത്.

പ്രസിഡന്റിനെതിരായ അവിശ്വാസം തള്ളിയതോടെ ബി.ജെ.പി.-സി.പി.എം. അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നു. 32 വർഷം സി.പി.എം. ഒറ്റയ്ക്കു ഭരിച്ച പഞ്ചായത്തിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാനിടയായത് അവിശുദ്ധ കൂട്ടുകെട്ടു കാരണമാണെന്ന് ഡി.സി.സി. അംഗം പൊറ്റയിൽ മോഹനൻ, മണ്ഡലം പ്രസിഡന്റുമാരായ മൂലത്തോപ്പ് ജയകുമാർ, പണ്ടാരക്കണ്ടം ജയകുമാർ എന്നിവർ ആരോപിച്ചു.

സി.പി.എം. പിന്തുണയിൽ സ്ഥാനം വേണ്ട

ശബരിമല ഉൾപ്പെടെയുള്ള വിഷയത്തിൽ ഇടതുപക്ഷത്തിനെതിേര ശക്തമായ ജനവികാരം നിലനിൽക്കുമ്പോൾ, സി.പി.എം. പോലുള്ള പാർട്ടിയുടെ പിന്തുണയിൽ അവിശ്വാസപ്രമേയം അതിജീവിക്കാൻ താത്പര്യമില്ല. സി.പി.എം. പിന്തുണ നേടുന്നതിന് ബി.ജെ.പി. മേൽഘടകത്തിന്റെ അനുമതിയില്ല. കഴിഞ്ഞ രണ്ടു വർഷം വൈസ് പ്രസിഡന്റായി തുടർന്നെങ്കിലും പഞ്ചായത്തിൽ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി. പ്രസിഡന്റും കോൺഗ്രസ്, സി.പി.എം. നേതൃത്വവുമായിരുന്നു.

Content Highlights:  Vilavoorkkal panchayat vice president resigns