വെഞ്ഞാറമൂട്: സംസ്ഥാനപാത കടന്നുപോകുന്ന വെഞ്ഞാറമൂട് കവലയിലെ റോഡ്‌ കുഴി അടയ്ക്കുന്നില്ല. മൂന്നുമാസമായി ഇതേ അവസ്ഥയിൽ കിടക്കുന്നു. ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് പതിവ് സംഭവമായി.

മെയ് മാസത്തിലാണ് ഓട കോരുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്ലാബിളക്കിയത്. ഇക്കൂട്ടത്തിൽ വശത്തെ റോഡ് ഭാഗവും ഇടിഞ്ഞു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചപ്പോൾ ബി.എസ്.എൻ.എല്ലിന്റെ കേബിളുകൾ പൊട്ടി. അതിന്റെ പണിക്കും കേബിൾ വയറുകൾ കണ്ടെത്താനുമായി ബി.എസ്.എൻ.എല്ലും ബാക്കി കുഴിച്ചു.

രണ്ടുകൂട്ടരും കുഴിച്ചെങ്കിലും കുഴിയടയ്ക്കാൻ ആരും ഒന്നും ചെയ്തില്ല. ഇടവപ്പാതി ആരംഭിച്ചതോടെ വെള്ളം കെട്ടിനിന്ന് കുഴി കൂടുതൽ വലുതായി. റോഡ് ആരു നന്നാക്കുമെന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പും ബി.എസ്.എൻ.എല്ലും പരസ്പരം തർക്കങ്ങൾ തുടർന്നു. കേബിൾ പൊട്ടിച്ചതുകൊണ്ട് രണ്ടുലക്ഷം രൂപ നഷ്ടമുണ്ടായതായും ആ തുക പൊതുമരാമത്ത് അടയ്ക്കണമെന്നും കാണിച്ച് ബി.എസ്.എൻ.എൽ. കത്തുനൽകി. എന്നാൽ സ്ഥലത്ത് അനുവാദമില്ലാതെ കേബിൾ ഇട്ടെന്ന് കാണിച്ച് പൊതുമരാമത്ത് വിഭാഗവും തിരികെ കത്തുനൽകി. ഇതിനിടെ വെഞ്ഞാറമൂട് കവലയിലെ റോഡ് കുളമായി മാറിക്കഴിഞ്ഞു.

റോഡിൽ വലിയ കുഴിയായതോടെ ജൂണിൽ ബി.ജെ.പി. പ്രവർത്തകർ വെഞ്ഞാറമൂട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറെ ഓഫീസിൽ തടഞ്ഞുെവച്ചു. പ്രശ്‌നപരിഹാരമുണ്ടായാലേ സമരം അവസാനിപ്പിക്കൂവെന്ന് ബി.ജെ.പി. പ്രവർത്തകർ പറഞ്ഞു. പിന്നീട് പൊതുമരാമത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ എത്തി താത്കാലികമായി കോൺക്രീറ്റിടാമെന്നും അതുകഴിഞ്ഞ് വലിയ താമസമില്ലാതെ ടാർചെയ്യാമെന്നും സമരക്കാരെ അറിയിച്ചു.

രണ്ടുദിവസം കഴിഞ്ഞ് പെരുമഴയത്ത് സമരക്കാരെ തണുപ്പിക്കാനായി ഒഴുക്കൻമട്ടിൽ കോൺക്രീറ്റിട്ടു. കോൺക്രീറ്റ് ഒരാഴ്ചയ്ക്കകം ഒലിച്ചുപോയി. പിന്നീട് അധികൃതരാരും തിരിഞ്ഞുനോക്കിയതുമില്ല.

ഇപ്പോൾ റോഡിൽ മൂന്ന് വലിയ കുഴികളായിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുണ്ടെന്ന് അറിയാൻ കഴിയുന്നില്ല. ബസ് പോലും കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. കുഴികളിൽ വാഹനങ്ങളുടെ അടിഭാഗം തട്ടുന്നുമുണ്ട്. ഇരുചക്രവാഹനങ്ങൾ ഇവിടെ തെന്നിവീഴുന്നത് പതിവാണെന്ന് സമീപത്തെ കടക്കാർ പറയുന്നു.

കെ.എസ്.ടി.പി. നടത്തി വരുന്ന അതിവേഗ സുരക്ഷ ഇടനാഴിയുടെ പണിയുടെ കൂട്ടത്തിൽ ഈ റോഡിന്റെ അറ്റകുറ്റപ്പണി കൂടി നടത്താൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു.