വെമ്പായം: കുടിവെള്ള പദ്ധതിക്കും നാട്ടുകാർക്കും ഉപകാരമാകേണ്ട കൂത്തപ്പുര ചിറ ഉപയോഗശൂന്യമായി കിടക്കുന്നു. കനത്ത വേനലിലും വറ്റാത്ത ചിറയാണ് ഇത്. വെമ്പായം പഞ്ചായത്തിലെ വെമ്പായം മണ്ഡപത്തിനടുത്താണ് ചിറ. കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത് ഈ ചിറയിലെ വെള്ളം ആയിരുന്നു. പഞ്ചായത്തിൻറെ അനാസ്ഥമൂലം ചിറയിലെ വെള്ളം ഇന്ന് ഉപയോഗിക്കാനാവില്ല.

ചെളിനിറഞ്ഞു പായൽ മൂടിയ അവസ്ഥയാണു നിലവിൽ. പഞ്ചായത്ത് ചിറയെ സംരക്ഷിച്ചിരുന്നെങ്കിൽ ഈ പ്രദേശത്തെ ജനങ്ങൾക്ക്‌ ജലക്ഷാമം നേരിടേണ്ടി വരില്ലായിരുന്നു. നെൽക്കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു വെമ്പായം മണ്ഡപം പ്രദേശം. ഇന്നും കൃഷി അന്യംനിന്നിട്ടില്ലാത്ത വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ പ്രധാന സ്ഥലം കൂടിയാണ്.

കൂത്തപ്പുര ചിറയിൽ നീന്തൽ പരിശീലിച്ചു സർക്കാർ ജോലി നേടിയവർ നിരവധിയാണ്. കുളത്തിൻറെ വശങ്ങളിലെ കൽഭിത്തി പൊളിഞ്ഞനിലയിലാണ്. കുളം വൃത്തിയാക്കി പാർശ്വഭിത്തി കെട്ടി കുളത്തിലെ പായലും ചെളിയും മാറ്റി സംരക്ഷിച്ചാൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‌ ഈ കുളം. കുളത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ ജനങ്ങൾ.