വെള്ളറട: റബ്ബർ കൃഷിയുടെ വ്യാപനം കുറഞ്ഞതും വിലക്കുറവും മലയോരമേഖലയിലെ റബ്ബർ തൈ ഉത്‌പാദനരംഗത്തെ പ്രതിസന്ധിയിലാക്കുന്നു. ഈ മേഖലയിൽ സജീവമായിരുന്ന പല കർഷകരും ഉത്‌പാദനം മതിയാക്കി റബ്ബർ നഴ്‌സറികൾ പൂട്ടി. ഇതോടെ തൊഴിലാളികളിൽ പലർക്കും പണികൾ ഇല്ലാതെയായി. നിലവിലുള്ളിടത്ത് കച്ചവടവും കുറവാണ്.

സാധാരണഗതിയിൽ ജൂൺ, ജൂലായ് മാസങ്ങളിലാണ് റബ്ബർ തൈയ്ക്ക് ഡിമാന്റ് കൂടുതലായി ഉണ്ടാകുന്നത്. എന്നാലിപ്പോൾ തൈ കച്ചവടത്തിൽ വൻതോതിലുള്ള കുറവാണ് അനുഭവപ്പെടുതെന്ന് റബ്ബർ നഴ്‌സറി ഉടമകളായ മാങ്കോട് സ്വദേശി ഐസക്കും കൊട്ടറക്കോണം ആൽബിനും മണത്തോട്ടം സ്വദേശി മണിയനും പറയുന്നു. റബ്ബർ ഷീറ്റിന്റെ വിലക്കുറവു കാരണം കർഷകരിൽ പലരും ഈ കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് മാറിയതോടെ റബ്ബറിന്റെ വ്യാപനം ഏറെ കുറഞ്ഞിട്ടുണ്ട്. ഇടത്തര കർഷകരാണ് അധികമായും ഇതിൽനിന്നു പിൻമാറിയത്.

പ്രതിവർഷം ലക്ഷക്കണക്കിനു തൈകൾ വിറ്റുപോയിരുന്ന സ്ഥാനത്തിപ്പോൾ ആയിരകണക്കിനു തൈകൾ എന്ന കണക്കിനാന് കച്ചവടം. ഇത് റബ്ബർതൈ ഉത്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്‌. മുമ്പ് തൈ ഒന്നിന് 70 മുതൽ 100 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോൾ 20 മുതൽ 40 രൂപ വരെയാണ് വില. ഉത്‌പാദന ചെലവിൽ വർധനവല്ലാതെ കുറവു വന്നിട്ടില്ല. റബ്ബർ തൈ ഉത്‌പാദക കർഷകരിൽ അധികവും പാട്ടത്തിനെടക്കുന്ന വയലുകളിലും മറ്റ് കൃഷിയിടങ്ങളിലുമാണ് തൈ ഉത്‌പാദിപ്പിക്കുന്നത്. കടകളിൽനിന്ന് ശേഖരിക്കുന്ന റബർകുരു മണ്ണിൽ പാകി മുളപ്പിച്ച് പിന്നീട് ബഡ്ഡിങ് നടത്തി മണ്ണുനിറച്ച കവറുകളിൽ നട്ട് പൊടിപ്പിച്ചാണ് തൈകൾ ഉത്‌പാദിപ്പിക്കുന്നത്.

വസ്തുവിന്റെ പാട്ടക്കൂലിയും തൈ ബഡ്ഡിങ്ങിനും മറ്റ് ജോലിക്കാരുടെ കൂലിയും ഉൾപ്പെടെയുള്ള ഉത്‌പാദന ചെലവിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. മുമ്പൊക്കെ ജില്ലയ്ക്കകത്തും അയൽ സംസ്ഥാനങ്ങളിൽ നിന്നൊക്കെ അധികമായി ആവശ്യക്കാർ എത്തിയിരുന്നുവെങ്കിലും അവരുടെ വരവ് ഗണ്യമായി കുറഞ്ഞു. വിൽക്കാതെയിരിക്കുന്ന കവറിലുള്ള തൈകൾ വളർന്നാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാതെ കളയുകയാണ് പതിവ്. ഇതുമൂലം ഏറെ നഷ്ടം ഉണ്ടാകുന്നുണ്ട്.

തൈവില്പന കുറഞ്ഞതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ ഉത്‌പാദകരിൽ പലരും കടക്കെണിയിലുമാണ്. കൂടാതെ തൊഴിൽ നഷ്ടമായതോടെ തൊഴിലാളികൾ പലരും മറ്റ് ജോലികൾ തേടി പേകേണ്ട അവസ്ഥയിലുമാണ്.

105, 430, 114, 600 തുടങ്ങിയയിനം തൈകൾ ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും 105 നും 414 മാണ് കൂടുതൽ ആവശ്യക്കാരുള്ളതെന്ന് കച്ചവടക്കാർ പറയുന്നു. കൂടാതെ കർഷകരിൽനിന്ന് തൈകൾ വാങ്ങി ശേഖരിച്ച് മറിച്ചുവിൽക്കുന്ന ഇടനില സംഘങ്ങളും മലയോരത്ത് പ്രവർത്തിക്കുന്നുണ്ട്.

റബ്ബർ കൃഷിയുടെ പ്രാരംഭസമയത്ത് ലഭിച്ചിരുന്ന റബ്ബർ ബോർഡിന്റെ സബ്‌സിഡിയും ചെറുകിട കർഷകർക്ക് ഇപ്പോൾ കിട്ടുന്നില്ലെന്ന ആരോപണവുമുണ്ട്.