വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ ആദ്യ ജൈവ നെൽക്കൃഷി പദ്ധതിക്കു തുടക്കമായി. ഇടവാൽ ഏലായിൽ ആരംഭിച്ച ജൈവ നെൽക്കൃഷിയുടെ ഞാറുനടീൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ചിഞ്ചു, ഷൈജു, അനിൽകുമാർ, കർഷകൻ മോഹനകുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

ഇടവാൽ സ്വദേശിയായ കർഷകൻ മോഹനകുമാറിന്റെ 25-ഓളം വരുന്ന നിലത്താണ് നെൽക്കൃഷിയൊരുക്കിയത്. പൂർണമായും ജൈവവള പ്രയോഗം നടത്തുന്ന ഈ കൃഷിയിൽ ആറുമാസം വിളവെടുക്കാവുന്നതരത്തിൽ തുളുനാടൻ നെൽവിത്താണ്‌ ഉപയോഗിച്ചിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെയാണ് ജൈവകൃഷി നടപ്പാക്കുന്നത്.

നിലമൊരുക്കൽ, വിത്തുപാകൽ ഉൾപ്പെടെയുള്ള പണികൾ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെയ്തത്.