വെള്ളറട: കുടിവെള്ളം കിട്ടാനില്ലാതെ കഷ്ടപ്പെട്ട് കാനക്കോട് കരിമരം കോളനി നിവാസികൾ. അഞ്ചുമരങ്കാല വാർഡിൽ കാനക്കോട് കരിമരത്ത് മൂന്ന്, നാല്, കോളനികളിലായി 108 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ ആശ്രയകേന്ദ്രമായ ചെറുകിട കുടിവെള്ള പദ്ധതി ഉപയോഗശൂന്യമായതായാണ് പരാതി. ഇതാണ് കടുത്ത കുടിവെള്ളക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2004-ലാണ് ചെറുകിട ശുദ്ധജലവിതരണപദ്ധതി തുടങ്ങിയത്. ഇതിന്റെ ഭാഗമായി കോളനിയിൽ വലിയ കിണറും പമ്പ് ഹൗസും നിർമിച്ചിരുന്നു.

10,000 ലിറ്ററിന്റെ രണ്ടു സംഭരണിയും 5000 ലിറ്ററിന്റെ ഒരെണ്ണവും സ്ഥാപിച്ചു. സംഭരണികളിൽ നിന്ന് പൈപ്പുകൾ വഴി വിതരണം ചെയ്തിരുന്നു. വൈദ്യുതി ബില്ല് അടയ്ക്കലും അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെയും ചുമതലഗുണഭോക്തൃസമിതിക്കാണ്. കാലപ്പഴക്കത്താൽ വിതരണ കുഴലുകൾ പൊട്ടുന്നത് പതിവായതോടെ പ്രതിസന്ധി തുടങ്ങിയത്. ഇടയ്ക്കിടെ പമ്പിങ് മോട്ടോറുകളും തകരാറിലായി. വൈദ്യുതി മീറ്റർ സ്ഥാപിച്ച ബോർഡും തകർന്നു.

ചെറിയ തോതിലുള്ള അറ്റക്കുറ്റപ്പണികൾ സമിതി നടത്തിയെങ്കിലും പിന്നീട് പൂർണമായി നിലച്ചു. കോളനിവാസികൾ കാരമൂട്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ തലചുമടായിട്ടാണ് കുടിവെള്ളമെത്തിക്കുന്നത്. ഒരു കുടം വെള്ളത്തിന് 10 രൂപവരെ വില കൊടുക്കേണ്ടിയും വരുന്നു. കോളനിക്കകത്തുള്ള പഞ്ചായത്ത് കിണറുകളും വറ്റി വരണ്ടു.

കാളിപ്പാറ പദ്ധതിയുടെ പൈപ്പ് ലൈനുകളും ഈ ഭാഗത്ത് എത്തിയിട്ടില്ല. പദ്ധതി നവീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടതായി വാർഡ് അംഗം സി.സുഗന്ധി പറഞ്ഞു.

quote

അപേക്ഷ നൽകി

പുതിയ പദ്ധതിക്കായി ജില്ലാപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി അടുത്ത സാമ്പത്തിക വർഷം മാത്രമേ ഫണ്ട് അനുവദിക്കാൻ കഴിയുകയുള്ളൂ. ജലനിധിയുമായി സഹകരിച്ച് കുടിവെള്ള പദ്ധതികൾ നവീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

എം.ശോഭകുമാരി, വെള്ളറട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്.