വെള്ളറട: കള്ളിമൂട് മീതിമലയിലെ ഖനനത്തിനെതിരേ സമരം നടത്തിവന്ന സംരക്ഷണസമിതിയുടെ സത്യാഗ്രഹപ്പന്തൽ കത്തിനശിച്ചു. തീയിട്ടതാണെന്ന് ആരോപിച്ച് സമരസമിതി പ്രവർത്തകർ ഖനനം നടത്തുന്ന സ്വകാര്യകമ്പനിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. സമരസമിതി പ്രവർത്തകർ സ്വകാര്യ കമ്പനിയുടെ പുരയിടത്തിന്റെ ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു.

കിളിയൂർ-കള്ളിമൂട് റോഡിലെ പന്തലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ കത്തിനശിച്ചത്. നാട്ടുകാരാണ് പന്തലിൽ തീ പടരുന്നത് കണ്ടത്.

വെള്ളറട പോലീസും ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംരക്ഷണസമിതിയുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 677 ദിവസം പിന്നിട്ടിരുന്നു. ഈ സമയത്താണ് പന്തൽ അഗ്നിക്കിരയായത്. സാധാരണയായി പകൽ സമയത്തു മാത്രമേ സമരക്കാർ പന്തലിൽ ഉണ്ടാകുകയുള്ളൂ. അന്വേഷണം തുടങ്ങിയതായി വെള്ളറട സി.ഐ. ബിജു പറഞ്ഞു.