വെള്ളറട : ഗ്രാമപ്പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൂണ്ടിക്കൽ പറമ്പിൽ ഒരു വീട്ടിലെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത എട്ടു പേർക്കും അഞ്ചുമരങ്കാല ഇരിഞ്ഞിനംപള്ളി സ്വദേശിയായ മറ്റൊരാൾക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മരണാനന്തരച്ചടങ്ങുകൾ നടന്ന വീട്ടിലെ യുവാവിന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നുള്ള സ്രവപരിശോധനയിൽ യുവാവിന്റെ വീട്ടിലെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർക്കും രണ്ടു സുഹൃത്തുക്കൾക്കും രണ്ടു ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരിഞ്ഞിനംപള്ളിയിൽ ദിവസങ്ങൾക്കു മുൻപ് രോഗബാധയുണ്ടായ യുവാവിന്റെ ബന്ധുവിനാണ് കോവിഡ് ബാധിച്ചത്. വെള്ളറടയിൽ 40 പേരുടെ സ്രവപരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ സ്രവപരിശോധന വരുംദിവസങ്ങളിൽ നടത്തുമെന്ന് അധികൃതർ പറഞ്ഞു. അമ്പൂരിയിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. മായം, അമ്പൂരി സ്വദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുന്നത്തുകാലിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. കാലായിൽ രണ്ടുപേർക്കും മാണിനാട്ട് രണ്ടുപേർക്കുമാണ് കോവിഡ് ബാധയുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
കള്ളിക്കാട് പഞ്ചായത്തിൽ
കാട്ടാക്കട : കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിൽ ചൊവ്വാഴ്ച ഏഴുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പഞ്ചായത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി. പെരിഞ്ഞാംകടവ് വാർഡിലെ മുണ്ടവൻകുന്നിൽ അഞ്ചുപേർക്കും കാളിപാറ വാർഡിലെ മലവിള, കാലാട്ടുകാവ് വാർഡിലെ നിരപ്പൂക്കാലയിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.