വെള്ളറട: വീടിന്റെ പുറകുവശത്തെ പറമ്പിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും മകൻ അഖിൽ ഫോൺ വിളിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരനാണെങ്കിൽ മക്കളോട് പോലീസിൽ കീഴടങ്ങാൻ താൻ നിർദേശിച്ചതായി അച്ഛൻ രാജപ്പൻ നായർ (മണിയൻ) വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവൻ എന്ന വീട്ടിലിരുന്ന് മക്കളുടെ ദുർവിധിയോർത്ത് സങ്കടപ്പെടുകയാണ് അദ്ദേഹം. കൊലപാതകക്കേസിൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അഖിൽ (25), രാഹുൽ (27) എന്നിവർ ഒളിവിലായതോടെ വീട്ടിൽ അച്ഛൻ രാജപ്പൻനായരും അമ്മയും മാത്രമായി. ഇളയവനായ അഖിൽ വാവോട് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി.യും അമ്പൂരി സ്കൂളിൽനിന്ന് പ്ളസ്ടുവും പൂർത്തിയാക്കി ഒന്നാംവർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാലുവർഷം മുൻപ്‌ ആർമിയിൽ ജോലി കിട്ടിയത്.

ഡി.എം.ടി. ലഡാക്ക് യൂണിറ്റിലാണ് ചേർന്നതെങ്കിലും ഇപ്പോൾ ഡൽഹിയിലാണ്. മൂത്തവൻ രാഹുൽ ഡിഗ്രി പഠനം പൂർത്തിയാക്കാതെ സൗണ്ട് എൻജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നതായും രാജപ്പൻനായർ പറഞ്ഞു. സാമാന്യം നല്ല സാമ്പത്തിക ചുറ്റുപാടാണ് കുടുംബത്തിനുള്ളത്.

അഖിലും തിരുപുറം പുത്തൻകട സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവർ തമ്മിൽ നല്ല സുഹൃത്തുകളായി മാറിയെന്നും മകനിൽനിന്ന് അറിയാൻ കഴിഞ്ഞതായി അഖിലിന്റെ അമ്മ പറഞ്ഞു. സ്ഥിരമായി രാഖിയും അഖിലും തമ്മിൽ ഫോണിൽ സംസാരിക്കുമായിരുന്നു. പിന്നീട് അഖിൽ അന്തിയൂർകോണം സ്വദേശിനിയുമായി പരിചയപ്പെടുകയും മാസങ്ങൾക്കു മുൻപ്‌ ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും രാജപ്പൻനായർ പറഞ്ഞു.

ഇടയ്ക്കിടെ തന്നെ വിവാഹംചെയ്യണമെന്നാവശ്യപ്പെട്ട് മകനെ രാഖി വിളിച്ചിരുന്നു. കൂടാതെ അഖിലിന്റെ പ്രതിശ്രുതവധുവിനെ അവർ തമ്മിൽ പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാൻ ശ്രമിച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു. തട്ടാൻമുക്കിൽ ഇപ്പോൾ താമസിക്കുന്ന വീടിനു സമീപം മറ്റൊരു വീട് രാജപ്പൻനായർ നിർമിക്കുന്നുണ്ട്. അതിലേക്ക്‌ എടുത്തിട്ടുള്ള വായ്പയുടെ അവസാനഘട്ട തുക വാങ്ങുന്നതിനായി ഒരുമാസത്തെ ലീവെടുത്ത് മേയ് 30-ന് അഖിൽ നാട്ടിലെത്തിയിരുന്നു.

ജൂൺ 21-ന് ബാങ്കിൽപ്പോയി വന്നശേഷം കളിയലിലെ സുഹൃത്തിന്റെ കാറിൽ രാഖിയെ കയറ്റിക്കൊണ്ടു വന്നതായും പിന്നീട് അമരവിളയ്ക്കുസമീപം ഇറക്കി വിട്ടെന്നും പറയുന്നു. പിന്നീട് മറ്റൊരു ബൈക്കിൽ കയറി രാഖി അഖിലിന്റെ വീട്ടിൽ വന്നതായും പിന്നീട് അവരുമായി വാക്കേറ്റം നടന്നുവെന്നും അറിയാൻ കഴിഞ്ഞതായി രാജപ്പൻ നായർ പറഞ്ഞു. മക്കൾ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെെയന്നും അദ്ദേഹം പറഞ്ഞു.