വെള്ളറട: വൃക്കകൾക്ക് രോഗംബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന നിർധന ഗൃഹനാഥൻ തുടർചികിത്സകൾക്കായി സഹായം തേടുന്നു. കുന്നത്തുകാൽ പഞ്ചായത്തിലെ കാരക്കോണം റോഡരികത്ത് വീട്ടിൽ എ.ബിനു (40) ആണ് സന്മനസ്സുള്ളവരുകളുടെ കരുണ പ്രതീക്ഷിക്കുന്നത്. കൂലിപ്പണിക്കാരനായ ബിനുവിന് വർഷങ്ങൾക്കു മുൻപാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ മൂന്ന് വർഷമായി ആഴ്ചയിലൊരിക്കൽ ഡയാലിസിസ് നടത്തുന്നുണ്ട്. ചികിത്സകൾക്കായി ആകെയുള്ള സമ്പാദ്യമെല്ലാം െചലവഴിച്ചു. ഭാര്യയും എട്ടുവയസ്സുകാരിയായ ഏക മകളും ഉൾപ്പെട്ട ഈ മൂന്നംഗ കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. ബിനു കിടപ്പിലായതോടെ കുടുംബം മിക്കവാറും പട്ടിണിയിലാണ്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ വൃക്ക മാറ്റിവയ്ക്കണം. വൃക്ക നൽകാൻ ബിനുവിന്റെ സഹോദരി തയ്യാറാണ്. ശസ്ത്രക്രിയയ്ക്ക് 10 ലക്ഷത്തോളം രൂപ വേണ്ടിവരും. സുഹൃത്തുക്കളായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഡയാലിസിസിനുള്ള തുക കണ്ടെത്തുന്നത്. ഇപ്പോൾ പഞ്ചായത്ത് അഞ്ചുസെന്റ് വസ്തുവിൽ പുതിയ വീട് അനുവദിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാരക്കോണം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0862053000001073. ഐ.എഫ്.എസ്.കോഡ്: എസ്.ഐ.ബി.എൽ.0000862.