വെള്ളനാട് : വെള്ളനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കു സമീപത്തെ കോഴിക്കടയിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർച്ച നടത്തി.

കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുകയാണ് കടയുടമയായ വെള്ളനാട് നീരാഴിത്തലയ്ക്കൽ കൃഷ്ണജ്യോതിയിൽ കെ.ബാലകൃഷ്ണൻ നായർ. കഴിഞ്ഞ 22-നാണ് കവർച്ച നടന്നത്.

മേശയിൽ സൂക്ഷിച്ചിരുന്ന 1200-ലധികം രൂപയും ഒരു മൊബൈൽ ഫോണും സംഘം കവർന്നു. വൈകീട്ട് നാലുമണിയോടെ ഒരു ബൈക്കിലെത്തിയ മൂന്നുപേർ പത്തുകിലോ കോഴിയിറച്ചി ആവശ്യപ്പെട്ടു.

ജീവനക്കാരൻ കോഴി എടുക്കുന്നതിനിടയിൽ സംഘത്തിലൊരാൾ മേശ തുറന്ന് പണവും ജീവനക്കാരന്റെ ഫോണും കൈക്കലാക്കുകയായിരുന്നു.

നമ്പർ ഇല്ലാത്ത ബൈക്കിലാണ് സംഘം എത്തിയത്.

ഇവർ ആര്യനാട് ഭാഗത്തേക്കു കടന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകി.

സമീപത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാംഗങ്ങളുടേതെന്നു കരുതുന്ന ഒരു മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിട്ടുണ്ട്.