വെള്ളനാട് : പഞ്ചായത്തിലെ പുതുമംഗലത്തും പരിസരങ്ങളിലും വ്യാജമദ്യവിൽപ്പനയും കഞ്ചാവു വിൽപ്പനയും വ്യാപകമാകുന്നു. മദ്യത്തിന്റെയും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെയും വിൽപ്പന വ്യാപകമായതോടെ ബൈക്കിലും മറ്റു വാഹനങ്ങളിലുമായി ലഹരിതേടി അന്യനാട്ടുകാർ പ്രദേശങ്ങളിൽ എത്തുകയാണ്.

നാട്ടുകാർ ആര്യനാട് പോലീസിനു പരാതി നൽകി. പുതുമംഗലത്ത് കുടിവെള്ള പദ്ധതിക്കായി നിർമിച്ചിട്ടുള്ള കുളത്തിന്റെ ഭാഗത്തും ആക്ക ഏലായിലെ മണ്ണാംകോണം ഭാഗത്തുമാണ് ലഹരിവസ്തുക്കളുടെ വിൽപ്പന വ്യാപകമായിരിക്കുന്നത്.

പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.