പാറശ്ശാല : അമിതശബ്ദമുണ്ടാക്കാൻ സൈലൻസറിൽ പ്രത്യേക സംവിധാനമുള്ള രണ്ട്‌ കാറുകൾ പാറശ്ശാലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴയീടാക്കി. സൈലൻസറിൽ ഘടിപ്പിച്ചിട്ടുള്ള വാൽവ് ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയുന്നവിധത്തിലാണ് സജ്ജീകരിച്ചിരുന്നത്.

ബുധനാഴ്ച നടത്തിയ വാഹനപരിശോധനയിലാണ് നിരത്തിലൂടെ അമിതവേഗത്തിലും ശബ്ദത്തിലും കടന്നുപോയ രണ്ട് കാറുകൾ ശ്രദ്ധയിൽപ്പെട്ടത്. നിർത്താതെപോയ വാഹനങ്ങൾ ഉദ്യോഗസ്ഥർ പിന്തുടർന്ന് കുറുങ്കൂട്ടിയിൽവെച്ച് പിടികൂടി. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സൈലൻസർ ശബ്ദം കുറഞ്ഞിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശബ്ദനിയന്ത്രണത്തിനായി ഒരുക്കിയ പ്രത്യേക സംവിധാനം കണ്ടെത്തിയത്. വാഹനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക സ്വിച്ച് ഉപയോഗിച്ച് ശബ്ദം നിയന്ത്രിക്കാവുന്ന സംവിധാനമാണ് രണ്ട് കാറുകളിലും കണ്ടെത്തിയത്. വാഹനത്തിന്റെ ശബ്ദം മൂന്നിരട്ടിയോളം വർധിപ്പിക്കാവുന്നതരത്തിലാണ് ഇത് ഒരുക്കിയിരുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ ശബ്ദം കുറച്ച് കടന്നുപോകുന്നതിനായാണ് ഈ ക്രമീകരണം.

രണ്ട്‌ വാഹനങ്ങൾക്കെതിരേയും മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും പിഴയീടാക്കുകയും ചെയ്തു.

പാറശ്ശാല ജോയിന്റ് ആർ.ടി.ഒ. അജികുമാറിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജീഷ് എം.കെ., എ.എം.വി.മാരായ പ്രവീൺ ആർ.എസ്., രാജേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്.

ശബ്ദനിയന്ത്രണത്തിനായി ഇത്തരത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ള, സംസ്ഥാനത്ത് പിടികൂടുന്ന ആദ്യ വാഹനമാണിതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.