ആറ്റിങ്ങൽ: സർക്കാർ കലാലയവളപ്പിൽ കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടം. അതിന്റെ കരയിൽ വാഴയും മരച്ചീനിയും പച്ചക്കറിയും തളിരിടുന്ന കൃഷിത്തോട്ടം. ആറ്റിങ്ങൽ ഗവ. കോളേജിലെ കാഴ്ചയാണിത്. കോളേജിലെത്തുന്നവർ അതിശയത്തോടെ നോക്കിക്കാണുന്ന ഇടമായി ഈ കൃഷിത്തോട്ടം മാറിക്കഴിഞ്ഞു.

കോളേജ് വളപ്പിൽ കാടുകയറിക്കിടന്ന നെൽപ്പാടവും പുരയിടവും വൃത്തിയാക്കി കൃഷിനടത്തി പുതിയൊരു സംസ്കാരത്തിനു വിത്തിടുകയാണീ കലാലയം. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയതെങ്കിലും എല്ലാ കുട്ടികളും അധ്യാപകരും ആവേശത്തോടെ ഇതേറ്റെടുത്തു. കൂട്ടായ പരിശ്രമവും മണ്ണിന്റെ കനിവും ഇവിടെ അദ്ഭുതം തീർക്കുകയാണ്.

കോളേജിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായുള്ള നിലങ്ങൾ വെട്ടിത്തെളിച്ച് നെൽക്കൃഷി നടത്താനായിരുന്നു ആദ്യതീരുമാനം. ആറ്റിങ്ങൽ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് വിദ്യാർഥികളും അധ്യാപകരും ചേർന്നു നിലമൊരുക്കി. തുടർന്ന് പാകിമുളപ്പിച്ച നെൽച്ചെടികൾ ആഘോഷപൂർവം നട്ടു. നെൽച്ചെടികളുടെ പരിപാലനവും വളമിടീലും കളപറിക്കലുമെല്ലാം വിദ്യാർഥികൾത്തന്നെ ചെയ്തു. പാടത്തിലേക്കു വെള്ളമെത്തിക്കാൻ കൃഷിത്തോട്ടത്തിന്റെ മുകൾഭാഗത്തായി കുളം നിർമിച്ചു.

നെൽച്ചെടികൾ വളരുന്നത് പ്രതീക്ഷ നല്കി. തുടർന്നാണ് ചുറ്റുപാടും ഒഴിഞ്ഞുകിടന്ന ഭാഗം കിളച്ചൊരുക്കി വാഴയും മരച്ചീനിയും നട്ടത്. ചാലുകീറി പണകൾകോരി ഇപ്പോൾ പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കൃഷിയിടം സംരക്ഷിക്കുന്നതിന് അവധിപോലും വിദ്യാർഥികൾ പരിഗണിക്കുന്നില്ല. എല്ലാ ദിവസവും അവർ തോട്ടത്തിലെത്തി ചെടികൾ നനയ്ക്കുന്നു. അവരുടെ ജീവിതത്തിന്റെ ഭാഗമായി കൃഷിത്തോട്ടം മാറിക്കഴിഞ്ഞു.

പഠനത്തിനൊപ്പം പ്രകൃതിജീവനത്തിന്റെ പാഠങ്ങൾ കൂടി അനുഭവത്തിലൂടെ പകർന്നുനല്കുന്ന ഇടമായി ഈ കലാലയം മാറിയിരിക്കുകയാണ്. കോളേജ് വളപ്പിൽ മരങ്ങൾ വളർന്നുനില്ക്കുന്ന ഭാഗത്തെ ജൈവവൈവിധ്യ മേഖലയായി സംരക്ഷിച്ചിട്ടുണ്ട്. ഇതിനോടുചേർന്ന് ഒരു കാവും സംരക്ഷിച്ചുനിലനിർത്തി. അതിനുസമീപത്തായാണ് കുളവും കൃഷിത്തോട്ടവും സജ്ജമാക്കിയത്.

പ്രിൻസിപ്പൽ ഡോ. മണികണ്ഠൻനായരുടെയും എൻ.എസ്.എസ്. കോ-ഓർഡിനേറ്റർമാരായ ഗോപകുമാർ, സരുൺ എന്നിവരുടെയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നു. കൃഷിവകുപ്പിന്റെയും നഗരസഭയുടെയും സഹായമുണ്ടായാൽ കൃഷി കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.

Content Highlights: vegetable farming in Attingal Govt college