തിരുവനന്തപുരം: ‘‘എന്റെ പൊന്നു സാറേ, ആരേലും ഒന്നു വരാൻ കാത്തിരിക്കുകയായിരുന്നു. ഇവന്മാരെക്കുറിച്ച് രണ്ടക്ഷരം പറയാൻ. ഓരോ തിരഞ്ഞെടുപ്പിലും തേനും പാലുമൊഴുക്കുന്ന വർത്തമാനവുമായി വരും. അതു തരാം, ഇതു തരാം. ജയിക്കുന്നവർ ആ വഴിയങ്ങു പോകും; തോക്കുന്നവരും. ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും. ഒരു മാറ്റവുമില്ലാതെ. എന്തായാലും ഇക്കുറി ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഒരു മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പുള്ള പാർട്ടിക്കു മാത്രമേ വോട്ടു ചെയ്യത്തൊള്ളൂ’’- പേരൂർക്കടയിലെ ഗതാഗതക്കുരുക്കിൽ എല്ലാ ദിവസവും ബുദ്ധിമുട്ടുന്ന അമ്പലംമുക്ക് സ്വദേശിയായ വിജയന്റെ വാക്കുകളാണിത്.

ചന്തയിൽ ഇത്തിരിനേരം

35 വർഷമായി ചന്തയ്ക്കു മുന്നിൽ കപ്പക്കച്ചവടം നടത്തുന്ന കരകുളം മുല്ലശ്ശേരി മുക്കാല സരോജിനി ഇക്കുറിയും കോൺഗ്രസ് ജയിക്കുമെന്ന വിശ്വാസത്തിലാണ്. ഇതുവരെയും കൈപ്പത്തിക്കേ വോട്ടുചെയ്തിട്ടുള്ളൂ. അത് ഇപ്രാവശ്യവും തുടരുമെന്ന് അവർ പറയുന്നു. എന്നാൽ, ചന്തയിൽ ഇത്തിരിയെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കിയത് മേയർ വി.കെ.പ്രശാന്താണെന്ന് പച്ചക്കറിവ്യാപാരിയായ രവീന്ദ്രൻ പറയുന്നു. കടുത്ത മത്സരമാണെങ്കിലും പ്രശാന്തിനായിരിക്കും സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സാധനങ്ങൾ വാങ്ങാനെത്തിയ അമ്പലംമുക്ക് സ്വദേശിനിയായ ഗീതാകുമാരി ഇതിനെ എതിർത്തു. കെ.മോഹൻകുമാറിനാണ് വിജയസാധ്യതയെന്ന് അവർ പറയുന്നു. പഴക്കച്ചവടക്കാരനായ സുരേഷ് അടിയുറച്ച ബി.ജെ.പി.ക്കാരനാണ്. മാറിമാറി വന്ന സർക്കാരുകൾ വട്ടിയൂർക്കാവിനും പേരൂർക്കടയ്ക്കും വേണ്ടി എന്തുചെയ്തെന്ന് സുരേഷ് ചോദിക്കുന്നു. അതിനാൽ, ഇക്കുറി ബി.ജെ.പി.ക്ക്‌ അവസരം നൽകണമെന്ന്‌ അദ്ദേഹം പറയുന്നു. അപ്പോഴേക്കും ചർച്ച ചൂടുപിടിച്ചിരുന്നു. സാധനങ്ങൾ വാങ്ങാനെത്തിയവരും അവരോടൊപ്പം ചേർന്നപ്പോൾ വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പു താപനിലയും ഉയർന്നു.

വോട്ട് മറിക്കുമോ, മറിക്കാതിരിക്കുമോ

വോട്ടുമറിക്കൽ ഇവിടെ സജീവ ചർച്ചയാണ്. എല്ലാ പാർട്ടിക്കാരും അവരവരുടെ സ്ഥാനാർഥികൾക്കുതന്നെ വോട്ടുചെയ്താൽ ഫലം തങ്ങൾക്കനുകൂലമാകുമെന്ന് കോൺഗ്രസുകാരനും ബി.ജെ.പി.ക്കാരനും ഇടതുമുന്നണിക്കാരനും ഒരുപോലെ വിശ്വസിക്കുന്നു. ആര് ആർക്ക് വോട്ടുമറിക്കുമെന്ന് പറയാൻ പറ്റില്ല. ഫലം വരുമ്പോൾ മാത്രമേ അതു പറയാൻ കഴിയുകയുള്ളൂവെന്നും കഴിഞ്ഞ പ്രാവശ്യത്തെ ഫലം അടിസ്ഥാനമാക്കി അൻസാരി അഭിപ്രായപ്പെട്ടു. ഓരോ രാഷ്ട്രീയപ്പാർട്ടിയുെടയും വോട്ട് അതത് പാർട്ടിക്കുതന്നെ ലഭിച്ചാൽ വി.കെ.പ്രശാന്ത് ജയിക്കുമെന്നും അൻസാരി പറയുന്നു. ഒരു പ്രധാന പാർട്ടിയുടെ പ്രചാരണം കണ്ടിട്ട് ഇക്കുറി അവർ വിജയിക്കാനാണ് മത്സരിക്കുന്നതെന്നു തോന്നുന്നില്ലെന്നും അൻസാരി പരിഹസിച്ചു. എന്നാൽ, തൊട്ടു മുൻപത്തെ വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് വോട്ടുനില നോക്കിയിട്ടു വേണം ഇത്തരം പരാമർശം നടത്താനെന്നായിരുന്നു ഇതു കേട്ടുനിന്ന കരകുളം സ്വദേശിയായ വിജയന്റെ തിരിച്ചടി.

ഡിപ്പോയിൽ ചർച്ച നടക്കുന്നു

പേരൂർക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലും ചർച്ചകൾ സജീവമാണ്. ശമ്പളം വരുന്ന കാര്യത്തിനാണ് പ്രാധാന്യമെന്നു മാത്രം. ഇതിനിടെ തിരഞ്ഞെടുപ്പുകാര്യങ്ങളും ചർച്ചാവിഷയമായി. ജീവനക്കാർ മിക്കവരും ഇടതുപക്ഷാനുകൂലികൾ ആണെന്നതിനാൽ വി.കെ.പ്രശാന്തിനുതന്നെ ഇവിടെ ഭൂരിപക്ഷം. എന്നാൽ, ആശാ ശേഖർ വിട്ടുകൊടുക്കാൻ തയ്യാറല്ല. വട്ടിയൂർക്കാവ് എന്നും യു.ഡി.എഫ്. മണ്ഡലമാണ്. ഇക്കുറിയും അതാവർത്തിക്കുമെന്നാണ് അവരുടെ പക്ഷം.