വർക്കല: ജനാർദനസ്വാമി ക്ഷേത്രം ദേവസ്വം ഭൂമിയായ നന്ദാവനത്ത് സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഭവനസമുച്ചയനിർമാണത്തിന് നീക്കം. ദേവസ്വം ഭൂമി റീസർവേ രേഖകളിൽ സർക്കാർ പുറമ്പോക്ക് ഭൂമിയായി മാറിയതിനു പിന്നാലെയാണ് നീക്കം ഊർജിതമാക്കിയത്. എതിർപ്പുമായി ദേവസ്വം ബോർഡും ഹൈന്ദവ സംഘടനകളും രംഗത്തെത്തി. ഹെലിപ്പാഡിനു സമീപം നന്ദാവനത്ത് 3.31 ഏക്കറോളം ഭൂമിയാണുള്ളത്. വിശാലമായ തെങ്ങിൻതോപ്പാണ്.

റീസർവേയിൽ ഭൂമി സർക്കാർ വകയാണെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂമിയും വീടുമില്ലാത്തവർക്ക് ഭവനസമുച്ചയം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ സർക്കാർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നന്ദാവനത്തെ ഭൂമി പരിഗണിച്ചത്. ഉദ്യോഗസ്ഥരെത്തി അളക്കുകയും ചെയ്തു. ദേവസ്വം ബോർഡ് അറിയാതെയാണ് അളന്നത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം ഭൂമി സർക്കാർ ഭൂമിയായി മാറിയതിനെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം ബോർഡും നടപടി തുടങ്ങി. ദേവസ്വംഭൂമി ഒരിഞ്ചുപോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് വർക്കല ജനാർദനസ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പറഞ്ഞു.

മുൻകാലത്ത് നന്ദാവനത്ത് കൈയേറ്റം വ്യാപകമായപ്പോൾ ചുറ്റുമതിൽ നിർമിച്ചത് ദേവസ്വം ബോർഡാണ്. ഇവിടെനിന്നു ലഭിക്കുന്ന തേങ്ങ വാർഷികലേലം ചെയ്ത് കൊടുത്തിരിക്കുന്നതും ബോർഡാണ്. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപങ്ങളുടെയും വികസനത്തിന് ആവശ്യമായി സ്ഥലമില്ലാത്ത അവസ്ഥയുള്ളപ്പോഴാണ് സ്വന്തം ഭൂമി സർക്കാർ ഭൂമിയായി മാറിയത്. റീസർവേയിലുണ്ടായ പാകപ്പിഴ തിരുത്തി ഭൂമി ദേവസ്വം ബോർഡിന്റെ അധീനതയിലാക്കാനുള്ള നടപടിക്ക് ബോർഡിനോട് ആവശ്യപ്പെട്ടതായും എ.ഒ. പറഞ്ഞു. ദേവസ്വം ഭൂമി നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സ്ഥലം സന്ദർശിച്ച ഹിന്ദു ഐക്യവേദി, ബി.ജെ.പി. നേതാക്കൾ പറഞ്ഞു.