വെള്ളറട: അമ്പൂരിക്കാർ ഒരിക്കലും ആ കറുത്തദിനത്തെ മറക്കില്ല. 39 പേരുടെ ജീവനെടുത്ത അമ്പൂരി ദുരന്തം നടന്നിട്ട് ചൊവ്വാഴ്ച രണ്ടു പതിറ്റാണ്ട്. ദുരന്തവാർഷികത്തിന്റെ തലേദിവസവും തുടർച്ചായി കനത്ത മഴ പെയ്യുമ്പോഴും കുന്നിൻചരിവുകളിൽ വസിക്കുന്ന അമ്പൂരി നിവാസികളുടെ നടുക്കം മാറുന്നില്ല. പഴയ ദുരന്ത ഓർമകളുടെ നടുവിലാണവർ.

മണ്ണൊലിച്ചുപോയ കുരിശുമലയുടെ മുകൾഭാഗത്ത്‌ അക്കേഷ്യാമരങ്ങളും വള്ളിപ്പടർപ്പും നിറഞ്ഞ് കാടുകയറിയനിലയിലാണ്. സമീപത്തായി ഉരുൾപൊട്ടലിലെ വെള്ളപ്പാച്ചിൽ കവർന്നെടുക്കാതെ അവശേഷിച്ച കെട്ടിടവും ആളനക്കമില്ലാതെ ജീർണാവസ്ഥയിൽ.

തുടർച്ചായായി പെയ്ത മഴയാണ് 2001 നവംബർ ഒമ്പതിന് രാത്രി എട്ടിന് നടന്ന പൂച്ചമുക്കിലെ ഉരുൾപൊട്ടൽമൂലമുള്ള മണ്ണിടിച്ചിലിനു കാരണമായത്. അമ്പൂരി കുരിശുമലയിലെ അടിവാരത്തിലെ രണ്ടേക്കറോളം വസ്തുവിലെ മണ്ണും കല്ലുമാണ് മഴവെള്ളത്തോടൊപ്പം ഒരു കിലോമീറ്ററോളം ദൂരം താഴോട്ട് ഒഴുകിയെത്തിയത്. ഇതിൽപ്പെട്ട് നാലു വീടുകൾ നിലംപരിശായി. പൂച്ചമുക്ക് സ്വദേശി സി.ഡി.തോമസ്, സമീപവാസി അശോകൻ, സീനുപണിക്കർ, ടൈറ്റസ്, എന്നിവരുടെ വീടുകളാണ് തകർന്നത്. 39 പേരുടെ ജീവനും നഷ്ടമായി. രണ്ടുദിവസം നീണ്ട തിരച്ചിലിൽ 38 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പിന്നീട് വർഷങ്ങൾക്കുശേഷമാണ് ഒരാളിന്റെ മൃതദേഹം ലഭിച്ചത്.

മരിച്ചവരിൽ എരുമേലി, കോട്ടയം മൂവാറ്റുപുഴ ഉൾപ്പെടെയുള്ള പ്രദേശവാസികളും ഉൾപ്പെട്ടിരുന്നു. 22 പേർ സി.ഡി.തോമസിന്റെ കുടുംബത്തിലെ അംഗങ്ങളാണ്.

വിദൂരങ്ങളിൽ നിന്നുള്ളവർ തോമസിന്റെ മകന്റെ ഒത്തുകല്യാണത്തിന്‌ എത്തിയതായിരുന്നു. ആറുപേർ ഉൾപ്പെട്ട അശോകന്റെ കുടുംബവും സീനുപണിക്കരുടെ ഭാര്യയും ടൈറ്റസിന്റെ കുടുംബത്തിലെ അംഗങ്ങളുമുൾപ്പെടെയുള്ള പരിസരവാസികളെയുമാണ് ദുരന്തം വിഴുങ്ങിയത്.

വെള്ളം ഒലിച്ചിറങ്ങിയ പുരയിടത്തിനു സമീപത്തുണ്ടായിരുന്ന മണിയന്റെ വീട് ഇപ്പോഴും ആൾപ്പാർപ്പില്ലാതെ അടച്ചിട്ടനിലയിലാണ്. റോഡിന്റെ കീഴ്ഭാഗത്തുള്ള പ്രദേശത്തിപ്പോൾ കൃഷിയും വീടുകളും ഉയർന്നിട്ടുണ്ട്. .

മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്

അമ്പൂരിയിലെ ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചതിനു പിന്നാലെ തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

സ്കൂളുകളിൽ ദുരിതാശ്വാസകേന്ദ്രങ്ങൾ സജ്ജമാക്കി അപകടസാധ്യത പട്ടികയിലുള്ള പ്രദേശവാസികളെ അവിടേക്കു മാറ്റിത്താമസിപ്പിക്കുന്നുണ്ട്. മറ്റുചിലർ ബന്ധുവീടുകളിലേക്കും മാറുന്നു. കുന്നുകളിലും പാറക്കൂട്ടങ്ങൾക്കിടയിലും വൻതോതിൽ വെള്ളം തങ്ങിനിൽക്കുന്നതു നീക്കുന്നുണ്ട്.

Content Highlights: two decades of amboori landslide incident which took thirty nine lives