തിരുവനന്തപുരം : ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ 14-കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 20 വർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് തമ്പാനൂർ സ്വദേശി രാജേഷ് എന്ന 31-കാരനെ ശിക്ഷിച്ചത്.

2012 ഡിസംബർ 18-നാണ് പ്രതി തമ്പാനൂർ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ടു വർഷത്തോളം പെൺകുട്ടിയെ തന്റെ വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ച പ്രതി പെൺകുട്ടിക്ക്‌ വിവാഹവാഗ്ദാനം നൽകിയിരുന്നു.

2014-ൽ പെൺകുട്ടി പനി ബാധിച്ച് ആശുപത്രിയിലായ അവസരത്തിൽ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാർ പ്രതിയെ കണ്ട് ചോദിച്ചപ്പോൾ പെൺകുട്ടിക്ക്‌ 18 വയസ്സാകുമ്പോൾ നിയമപരമായി വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി. ഇതിനിടെ, പ്രതി മറ്റൊരു യുവതിയെ വിവാഹംകഴിച്ചതറിഞ്ഞ പെൺകുട്ടി കന്റോൺമെന്റ് പോലീസിനു നൽകിയ പരാതിയിലാണ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികചൂഷണത്തിനു വിധേയയാക്കിയ പ്രതി ദയ അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടറായ ആർ.എസ്.വിജയ് മോഹൻ, വത്സാ വർഗ്ഗീസ് എന്നിവർ ഹാജരായി. സർക്കാരിന്റെ നഷ്ടപരിഹാര നിധിയിൽനിന്ന് പെൺകുട്ടിക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വിധിന്യായത്തിലുണ്ട്. കൂടാതെ, പ്രതി പിഴത്തുക ഒടുക്കിയാൽ അതും ഇരയായ പെൺകുട്ടിക്കു നൽകണമെന്നും കോടതി നിർദേശിച്ചു.

Content Highlights: Twenty years jail for sexually abusing fourteen year old