ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ യൂണിവേഴ്‌സിറ്റി കോളേജ് കഴിഞ്ഞ കുറേക്കാലമായി ഒരുപറ്റം വിദ്യാർഥികളുടെ ചെയ്തികൾമൂലം കുപ്രസിദ്ധമായിരുന്നു. ഇത്തരക്കാരെ പുറത്താക്കി കോളേജ് അധികൃതരും ഇവർ പ്രവർത്തിച്ചിരുന്ന എസ്.എഫ്.ഐ.യും മാതൃകകാട്ടി. പുതിയ നിയന്ത്രണങ്ങളോടെ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് സർക്കാരും കോളേജ് വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തി. മാതൃഭൂമി ഈ പരമ്പരയിൽ ചൂണ്ടിക്കാട്ടിയ റീ അഡ്മിഷനും, സ്പോട്ട് അഡ്മിഷനും അടക്കം വിദ്യാർഥിനേതാക്കൾക്ക് അഴിമതികാട്ടാനുള്ള അവസരങ്ങളെല്ലാം അവസാനിപ്പിച്ചു. ഇപ്പോൾ യൂണിവേഴ്‌സിറ്റി കോളേജിൽ വരുത്തുന്ന മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. വിദ്യാർഥികൾക്ക് സ്വാതന്ത്ര്യത്തോടെയും ജനാധിപത്യത്തോടെയും സമത്വത്തോടെയും പ്രവർത്തിക്കാനും പഠിക്കാനും കഴിയുമെന്ന് വിശ്വസിക്കാം. കോളേജിലെ പൂർവവിദ്യാർഥികളും അധ്യാപകരുമായ പ്രമുഖരുടെ അഭിപ്രായം ഇതിനൊപ്പം ചേർക്കുന്നു.university collage

എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം നൽകണം

Vijayanathഎല്ലാ വിദ്യാർഥി രാഷ്ട്രീയ സംഘടനകൾക്കും പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം നൽകുക എന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിന്റെ നല്ല പ്രവർത്തനത്തിനു വേണ്ടത്. എല്ലാ കക്ഷികളും ഉള്ളപ്പോൾ ചർച്ചചെയ്ത് പ്രവർത്തനങ്ങൾ നടത്തും. അടിയന്തരാവസ്ഥക്കാലത്താണ് ഞങ്ങൾ കോളേജിൽ പഠിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനമൊന്നുമില്ലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് വ്യക്തിപരമായി എതിരായിരുന്നു. അന്ന് കെ.എസ്.യു.വും എ.ഐ.എസ്.എഫും അടക്കമുള്ള സംഘടനകൾ എല്ലാംചേർന്ന ആരോഗ്യകരമായ ചർച്ചകളും പരിപാടികളും സംഘടിപ്പിച്ചിരുന്നു. എല്ലാ സംഘടനകളുടെയും പ്രവർത്തനങ്ങൾ കാമ്പസിലുണ്ടെങ്കിലേ കക്ഷി രാഷ്ട്രീയം എന്തെന്ന് വിദ്യാർഥികൾക്ക് മനസ്സിലാകൂ.

എസ്.എം.വിജയാനന്ദ്, മുൻ ചീഫ് സെക്രട്ടറി, മുൻ കോളേജ് വിദ്യാർഥി

കോളേജിലെ പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കണം

Gopalakrishnanയൂണിവേഴ്‌സിറ്റി കോളേജിൽ അടുത്തകാലത്തുണ്ടായ സംഭവങ്ങൾ പെട്ടെന്നുള്ള ശുദ്ധീകരണം കൊണ്ടൊന്നും അവസാനിക്കുന്നതല്ല. ഇതിന്റെ കാരണങ്ങൾ വളരെ ആഴത്തിൽ പരിശോധിക്കേണ്ടതാണ്. പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ വിശദമായി അന്വേഷിക്കണം. ആ റിപ്പോർട്ട് വരുന്നതുവരെയെങ്കിലും സർവകലാശാലാ പരീക്ഷകളും യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് നടത്തരുത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം വിളിക്കുന്ന കുട്ടികളാണ് മറ്റുള്ളവർക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുന്നത്. വിദ്യാർഥികൾ പല വിഷയങ്ങൾക്കും എതിരേ പ്രതിരോധം തീർക്കേണ്ടവർ തന്നെയാണ്. ആ പ്രതിരോധത്തെ വികൃതമാക്കരുത്.

പ്രൊഫ. കെ.ഗോപാലകൃഷ്ണൻ

യൂണിവേഴ്‌സിറ്റി കോളേജ് മുൻ ഇംഗ്ളീഷ് അധ്യാപകൻ, പൂർവവിദ്യാർഥി

എല്ലാ പ്രവൃത്തികേടുകളും മാറ്റണം

p.k rajasekaranഇത് വിദ്യാർഥി രാഷ്ടീയത്തിന്റെയോ ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനയുടെയോ പ്രശ്നമല്ല. സ്വന്തം പ്രവർത്തകരെ ആശയപരമായി പ്രബുദ്ധതയുള്ളവരും വിവേകമുള്ളവരും ആക്കാൻ എസ്.എഫ്.ഐ. നേതൃത്വത്തിന് സംഭവിച്ച വീഴ്ചയാണ്. കോളേജുകളിൽ സംഭവിക്കാൻ പാടില്ലാത്ത കുറ്റകൃത്യങ്ങൾ നടന്നു എന്നതിനൊപ്പംതന്നെ ഗുരുതരമാണ് ചരിത്ര പ്രാധാന്യമുള്ള യൂണിവേഴ്‌സിറ്റി കോളേജിന്റെ കെട്ടിടങ്ങളും ചുമരുകളും സംഘടനാ പ്രവർത്തനത്തിന്റെയും ആശയപ്രചാരണത്തിന്റെയും ഭാഗമാക്കി വൃത്തികേടാക്കിയിരിക്കുന്നതും. വിദ്യാർഥി രാഷ്ട്രീയം മാത്രമല്ല ശുദ്ധീകരിക്കേണ്ടത്. ഒരു ചരിത്രമന്ദിരം എന്ന നിലയിൽ കോളേജിൽ ഉണ്ടാക്കിയിരിക്കുന്ന വൃത്തി കേടുകളേയുമാണ്.

പി.കെ.രാജശേഖരൻ

സാഹിത്യനിരൂപകൻ, പൂർവവിദ്യാർഥി.

സംഘടനാ താത്പര്യമല്ല; സങ്കുചിത രാഷ്ട്രീയം

M.J sassibhushanകഴിഞ്ഞ കുറേക്കാലമായി കുട്ടിക്കുരങ്ങൻമാരെക്കൊണ്ട് രാഷ്ട്രീയ നേതൃത്വം ചുടുചോറ് വാരിക്കുകയായിരുന്നു. സി.പി.എമ്മിന്റെ ആളുകളിലേക്കുതന്നെ വിരൽചൂണ്ടേണ്ടിവരും. 1972-ൽ എസ്.എഫ്.ഐ.യുടെ ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. എന്ന പ്രസ്ഥാനത്തിന്റെ താത്‌പര്യങ്ങളല്ല കോളേജിൽ നടപ്പാക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താത്‌പര്യങ്ങൾ മാത്രമായതാണ് പ്രശ്നം. രാഷ്ട്രീയം ഗുണ്ടാപ്പിരിവായി മാറുന്നത് ദൗർഭാഗ്യകരമാണ്. ഈ രീതിയിൽ അധികകാലം മുന്നോട്ടുപോകാനാവില്ല. ഞങ്ങൾ പഠിക്കുമ്പോഴാണ് ഇപ്പോഴത്തെ യൂണിയൻ ഓഫീസ് നിർമിക്കുന്നത്. പിന്നീട് അവിടെ നടന്നത് ഗുണ്ടാഭരണമായിരുന്നു. അടിയന്തരാവസ്ഥയുടെ കാലത്ത് അന്തസ്സായ സമരങ്ങൾ നടത്തിയിരുന്നു. എസ്.എഫ്.ഐ.ക്ക് മാത്രമല്ല മറ്റ് സംഘടനകൾക്കും രാഷ്ട്രീയ അജൻഡയുണ്ട്. കോളേജ് മാറ്റുക എന്നത് പ്രാവർത്തികമല്ല. കഴിവുള്ള ആളുകളെ തിരഞ്ഞെടുത്ത് പ്രിൻസിപ്പൽമാരാക്കുകയാണ് വേണ്ടത്. വിരമിക്കാരായവർ സ്വന്തം തടി രക്ഷിച്ച് പോകാനേ ശ്രമിക്കൂ.

ഡോ. എം.ജി.ശശിഭൂഷൺ,

യൂണിവേഴ്‌സിറ്റി കോളേജ് മുൻ അധ്യാപകൻ, പൂർവവിദ്യാർഥി

ആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനം വേണം

TP sreenivasanആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനമാണ് വേണ്ടത്. കേരള രാഷ്ട്രീയത്തിലും ആരോഗ്യകരമായ പ്രവർത്തനം നഷ്ടമായിരിക്കുന്നു. കുത്തും കൊലയും ആക്രമണവുമാണ്. ഇതിന്റെ പ്രതിഫലനമാണ് യൂണിവേഴ്‌സിറ്റി കോളേജിലും കാണുന്നത്. വിദ്യാർഥി രാഷ്ട്രീയത്തെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഞങ്ങൾ പഠിക്കുമ്പോൾ ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനമാണ് കാമ്പസിൽ നടന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഏകാധിപത്യ പ്രശ്നങ്ങളും അടുത്തകാലത്ത് തുടങ്ങിയതല്ല. 2004 മുതൽ ഇതിനെക്കുറിച്ച് നിരീക്ഷിച്ചുവരുകയായിരുന്നു. മാറിവരുന്ന സർക്കാരുകൾക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ, ഇവരെ ഭയന്ന് ആരും നടപടിയെടുത്തില്ല. ഇനി അതിന് മാറ്റം വന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

ടി.പി.ശ്രീനിവാസൻ, മുൻ അംബാസഡർ, പൂർവവിദ്യാർഥി

യൂണി.കോളേജ്: പി.ടി.എ. യോഗം വിളിക്കാറില്ല; ചില അധ്യാപകർ ക്ലാസെടുക്കുന്നില്ല, നോട്ടുകൾ വാട്സ്ആപ്പ് വഴി Part-4

യൂണിവേഴ്‌സിറ്റി കോളേജ് ഭരിക്കുന്നത് പ്രിന്‍സിപ്പലല്ല; അധ്യാപകര്‍ക്കെതിരെ പീഡന പരാതികളും നല്‍കും part-3

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐകാർക്കെതിരേ മിണ്ടിപ്പോയാൽ അധ്യാപകരും തെറിക്കും  Part -2

ഒരു കലാലയത്തിൽ സംഭവിക്കുന്നത്... Part -1

(അവസാനിച്ചു)

Content Highlight: Trivandrum university collage