ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികം ഓഗസ്റ്റ് 23-ന് ആരുമാരും അറിയാതെ കടന്നുപോയി. ഇനി അതിന്റെ ഒരാഘോഷം നടത്തണമെങ്കിൽ 2044 വരെ കാത്തിരിക്കണം. അന്നായിരിക്കും സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 175-ാം വാർഷികം. അന്ന് ഇന്നുള്ളവർ എത്രപേർ ജീവിച്ചിരിക്കുമെന്നോ ഇന്നത്തെ ഭരണസംവിധാനങ്ങളും നിയമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതേപോലെ നിലനിൽക്കുമെന്നോ ആർക്കറിയാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്. കേടുപാടുകൾ ഉണ്ടങ്കിലും ഈ മുത്തശ്ശിക്കെട്ടിടം അതിന്റെ 175-ാം വയസ്സിലും നിലനിൽക്കും. കാരണം ഇത് അനന്തപുരിയുടെ തിലകക്കുറിയാണ്. ഇതിനെ അനന്തപുരിയിലെ ജനങ്ങൾ അത്രത്തോളം സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ മന്ദിരത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുന്ന ഏതുമാർഗം ഏതുഭരണാധികാരികൾ സ്വീകരിച്ചാലും ജനം സഹിക്കില്ലെന്ന കാര്യം ഉറപ്പാണ്.

സെക്രട്ടേറിയറ്റ് മന്ദിരം നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ വില്ല്യം ബാർട്ടൺ, ഇതിന്റെ ചുറ്റും മറ്റുകെട്ടിടങ്ങൾ വരുന്നതിനെതിരേ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തിയാണ് തെക്കും വടക്കും പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. അതുപോട്ടെ, ഇവിടെ സ്ഥലം പോരാത്തതിനാൽ പുറത്ത് നിർമിച്ച അനക്‌സുകളുടെ സ്ഥിതി എന്ത്? ഒരു കലാമൂല്യവും ഇല്ലാത്ത സിമന്റ് കൂടാരങ്ങളാണ് അവ.

സെക്രട്ടേറിയറ്റ് മന്ദിരം നിർമിച്ചപ്പോൾ വിദേശ വാസ്തുശില്പരീതി സ്വീകരിച്ചതിൽ അന്നത്തെ ഭരണാധികാരിയായ ആയില്യം തിരുനാൾ മഹാരാജാവിനെ വിമർശിച്ച ഒരു ഭരണാധികാരി ഉണ്ടായിരുന്നു. അത് മറ്റാരുമല്ല, മദ്രാസ് ഗവർണർ നേപ്പിയർ പ്രഭുവായിരുന്നു. മനോഹരമായ കേരള വാസ്തുശില്പ രീതിയുള്ളപ്പോൾ എന്തിനാണ് വിദേശശൈലി അനുകരിച്ചതെന്നായിരുന്നു നേപ്പിയറിന്റെ ചോദ്യം. ഇത് ഉൾക്കൊണ്ടാണ് മ്യൂസിയം മന്ദിരം കേരളശൈലിയിൽ നിർമിക്കാൻ ചേഷോം എന്ന വാസ്തുശില്പിയെ വരുത്തിയതും നിർമാണത്തിനുശേഷം അതിന് ’നേപ്പിയർ മ്യൂസിയം’ എന്ന പേര് നൽകിയതും.

ആർ.എസ്. ഉണ്ണി തദ്ദേശ-സ്വയംഭരണ മന്ത്രിയായിരുന്നപ്പോൾ രൂപവത്കരിച്ച ’ആർട്ട്‌ കമ്മിഷൻ’ ഇന്നുമുണ്ട്. പക്ഷേ, അതിന് നിയമത്തിന്റെ പല്ലുകളില്ല. അന്ന് മന്ത്രി ആർ.എസ്.ഉണ്ണി പത്രസമ്മേളനത്തിൽ പറഞ്ഞത്, ഒരു നിശ്ചിത തുകയ്ക്കുമേൽ നിർമിക്കുന്ന കെട്ടിടങ്ങളെല്ലാം കേരളീയ വാസ്തുശില്പരീതിയിലേ പാടുള്ളു എന്നാണ്. നിയമസഭയ്ക്ക് പുതിയ കെട്ടിടം നിർമിച്ചപ്പോൾ അത് പത്മനാഭപുരം കൊട്ടാരത്തിന്റെ രൂപത്തിലായിരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ആ വാക്ക് പിന്നീട് മാറ്റി.

പഴയ കേരളശൈലിയിൽ പരിഷ്‌കരിച്ച കെട്ടിടങ്ങൾ നിർമിക്കാൻ സർക്കാർ എൻജിനീയർന്മാർക്ക് മടിയാണ്. അതിനുള്ള പരിശീലനം അവർക്കില്ലെന്നു തോന്നുന്നു. പഴയ കെട്ടിടങ്ങൾ പോലും പൊളിച്ചുമാറ്റി പുതിയതാക്കണമെന്നാണ് അവരുടെ ചിന്താഗതി. എൻജിനീയർമാരുടെ ആ മനഃസ്ഥിതി തിരുത്തിച്ച ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. അത് സി.അച്യുതമേനോൻ ആയിരുന്നു. പാളയത്ത് കേടുപാട് സംഭവിച്ച സ്കൂൾ ഓഫ് ആർട്‌സ് (ഇപ്പോൾ കോളേജ് ഓഫ് ആർട്‌സ്) അതേപടി പുതുക്കിപ്പണിയാൻ അദ്ദേഹം ഉത്തരവിറക്കി. അതുകൊണ്ടാണ് മനോഹരമായ ആ മന്ദിരം അനന്തപുരിയിലെത്തുന്നവരുടെ കൗതുകക്കാഴ്ചയായി ഇന്നും നിലനിൽക്കുന്നത്.

150 വർഷമായ സെക്രട്ടേറിയറ്റ് മന്ദിരം വെറും കുമ്മായക്കൂട്ട് കൊണ്ട് നിർമിച്ച കൂടാരം അല്ല. അത് കേരള ചരിത്രത്തിന്റെ മാറ്റങ്ങളുടെ സാക്ഷിയാണ്. രാജഭരണവും ബ്രിട്ടീഷ് ഭരണവും ജനാധിപത്യഭരണത്തിന് വഴിമാറിക്കൊടുക്കുന്നതിന് സാക്ഷിയായത് ഈ മന്ദിരമാണ്. ഇവിടത്തെ മണിമേടയിൽ നാലുദിക്കിലും കാണാവുന്ന വലിയ മണിയുണ്ട്. അത് കാലത്തിന്റെ കഥ പറയുന്ന കണ്ണുകളെപ്പോലെയാണ്. മണിമേടയിൽ ഇന്ന് പറക്കുന്നത് ഇന്ത്യൻ യൂണിയന്റെ ത്രിവർണപതാകയാണ്. ഒരുകാലത്ത് അവിടെ പറന്നിരുന്നത് ശംഖ് അടയാളമുള്ള തിരുവിതാംകൂറിന്റെ ചുവന്ന കൊടിയാണ്. അന്നൊക്കെ മൂന്നായിക്കിടന്നിരുന്ന തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നായി, ഐക്യ കേരളമാകണമെന്നത് മലയാളികളുടെ സ്വപ്‌നമായിരുന്നു. അത് യാഥാർഥ്യമായതിന് സാക്ഷിയാണ് ഈ മന്ദിരം.

സ്വാതന്ത്ര്യസമരകാലത്ത് ആവേശംമൂത്ത യുവാക്കൾ ഈ സെക്രട്ടേറിയറ്റിലെ മണിമേടയ്ക്കുമുകളിലുള്ള കൊടി അഴിച്ചുമാറ്റി ദേശീയ പ്രസ്ഥാനത്തിന്റെ പതാക നാട്ടിയ ചരിത്രവുമുണ്ട്. ഇവിടത്തെ മനോഹരമായ ദർബാർ ഹാൾ മുമ്പ് മഹാരാജാക്കന്മാരുടെ ആഘോഷങ്ങൾക്കും വൈസ്രോയിമാരുടേയും ബ്രിട്ടീഷ് ഗവർണർമാരുടേയും ദർബാറുകൾക്കും വേണ്ടിയാണ് അണിഞ്ഞൊരുങ്ങിയിരുന്നത്. അന്ന് ഇവിടെ സാധാരണക്കാർക്ക് ബാലികേറാമലയായിരുന്നു. എന്നാൽ ഇന്ന് ജനങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികൾ നടക്കുന്നത് ഇവിടെയാണ്. രാജഭരണം ജനാധിപത്യത്തിലേക്ക് വഴിമാറിക്കൊടുക്കുന്നതിന്റെ ഭാഗമായി പട്ടം പ്രധാനമന്ത്രിയും സി.കേശവനും ടി.എം. വർഗീസും മന്ത്രിമാരുമായി ആദ്യം എത്തിയത് ഈ മന്ദിരത്തിലാണ്. മൂന്നായിക്കിടന്ന കേരളം ഐക്യകേരളമാകുന്നതിന് സാക്ഷ്യം വഹിച്ചതും കേരളത്തിലെ ആദ്യത്തെ ആക്ടിങ് ഗവർണർ പി.എസ്.റാവു സത്യപ്രതിജ്ഞ ചെയ്തതും ഇതേ മന്ദിരത്തിലാണ്. ഐക്യകേരളത്തിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പിനുള്ള നടപടികൾ നടന്നതും ഉത്തരവുകൾ ഇറങ്ങിയതും ഈ സെക്രട്ടേറിയറ്റിൽ നിന്നാണ്. തിരഞ്ഞെടുപ്പിനുശേഷം ഇ.എം.എസ്. മുഖ്യമന്ത്രിയായി ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നതിനും ഈ മന്ദിരം സാക്ഷിയായി.

മഹാത്മാഗാന്ധി ജനിച്ചതും സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ പ്രവർത്തനം തുടങ്ങിയതും ഒരേവർഷമാണ്. 1869 ഓഗസ്റ്റ് 23-ന് ആണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ തുടക്കം. അതേവർഷം ഒക്ടോബർ രണ്ടിനാണ് ഗാന്ധിജിയുടെ ജനനം. ദിവാൻ സർ ടി.മാധവറാവുവിന്റെ നേതൃത്വത്തിൽ വില്ല്യം ബാർട്ടൺ എന്ന ബ്രിട്ടീഷ് എൻജിനീയർ ആണ് ഈ മന്ദിരം നിർമിച്ചത്. ഇതിന്റെ 125-ാം വാർഷികം കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1994 ഓഗസ്റ്റ് 15-ന് ആരംഭിച്ച് 23-ന് സമാപിച്ചു. അതിൽ ഇ.എം.എസ്., പി.കെ.വാസുദേവൻ നായർ, ഇ.കെ.നായനാർ തുടങ്ങിയ മുൻ മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമൊക്കെ പങ്കെടുത്തിരുന്നു.