പോത്തൻകോട്: പണിമൂല ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യവ്യക്തിയുടെ വസ്തുവിൽ കോൺക്രീറ്റുകൊണ്ടു നിർമിച്ച അരികുഭിത്തി പൊളിഞ്ഞുവീണ് കെ.എസ്.ഇ.ബി.യുടെ ട്രാൻസ്‌ഫോർമർ തകർന്നു. ആളപായമില്ല. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

ക്ഷേത്ര സദ്യാലയത്തിനു സമീപത്തായി ഉയരത്തിൽ സ്ഥിതിചെയ്തിരുന്ന വസ്തുവിൽനിന്ന് മണ്ണിടിഞ്ഞു വീഴാതിരിക്കാൻവേണ്ടി നിർമിച്ചതാണ് അരികുഭിത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വസ്തു നിരപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഭിത്തി തകർന്നത്.

ട്രാൻസ്‌ഫോർമറും കൺട്രോളിങ് ഉപകരണവും തകർന്നു. അപകടത്തെ തുടർന്ന് പണിമൂലയിലെയും പരിസരപ്രദേശങ്ങളിലെയും വൈദ്യുതബന്ധം പൂർണമായും നിലച്ചു.

പത്തുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. കുന്നുംപുറത്തുള്ള ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. നഷ്ടം വസ്തു ഉടമയിൽനിന്ന്‌ ഈടാക്കുമെന്ന് പോത്തൻകോട് കെ.എസ്.ഇ.ബി. അസി. എൻജിനീയർ സുഷമ പറഞ്ഞു.

വസ്തുവിനു താഴെയുണ്ടായിരുന്ന ക്ഷേത്രസദ്യാലയത്തിൽ മറ്റു ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി.