തിരുവനന്തപുരം: കൊച്ചുതോപ്പിലും ശംഖുംമുഖത്തുമുണ്ടായ ശക്തമായ കടലേറ്റത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. 15 ഓളം വീടുകളില്‍ വെളളം കയറി.

കഴിഞ്ഞ ഒന്നരയാഴ്ചയായി തുടരുന്ന കടലേറ്റത്തില്‍ ചെറിയതുറ മുതല്‍ വലിയതോപ്പ് ശംഖുംമുഖം വരെയുളള 60 വീടുകളാണ് കടലെടുത്തത്.

ഈ വീടുകളിലുണ്ടായിരുന്നവരെ വലിയതുറയിലും ശംഖുംമുഖം സെന്റ് റോച്ചസ് കോണ്‍വെന്റ് സ്‌കൂളിലുമായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഈ മേഖലയില്‍ 100 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

ചുമരുകളെല്ലാം വിണ്ട് കീറി. കെട്ടിടങ്ങളുടെ അടിവശത്ത് നിന്ന് മണ്ണ് ഊര്‍ന്ന് പോയിട്ടുണ്ട്. ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. കടലേറ്റം തുടരുന്ന മേഖലയില്‍ മുന്നൂറോളം വീടുകള്‍ അപകടഭീഷണിയിലാണെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.

പകർച്ചവ്യാധി റിപ്പോർട്ട്‌ ചെയ്ത വലിയതുറ ഗവ.ഫിഷറീസ് യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ സംഘമെത്തി. കോട്ടയ്ക്കകം ഗവ. ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമാണെത്തിയത്.

പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ക്യാമ്പിലുണ്ടായിരുന്ന രണ്ടുപേർക്ക് ചിക്കൻപോക്സും, ചിലർക്ക് എച്ച് വൺ എൻവൺ പനിയും ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച് മാത്യഭൂമി വാർത്ത നൽകിയിരുന്നു.

തുടർന്നാണ് മെഡിക്കൽ സംഘമെത്തിയത്.

നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തിൽ ക്യാമ്പ് വളപ്പിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. സ്പ്രേയിങ് നടത്തി.