ഗണപതി ക്ഷേത്രങ്ങൾ കേരളത്തിലെത്രയോ ഉണ്ട്. അവയിൽനിന്ന്‌ വ്യത്യസ്തമാണ് അനന്തപുരിയിലെ പഴവങ്ങാടി ഗണപതി ക്ഷേത്രം. കരസേനയുടെ മദ്രാസ് റെജിമെന്റിന്റെകീഴിലാണ് ഈ ക്ഷേത്രം. അവിടുത്തെ ലഫ്റ്റനന്റ് ജനറലിനാണ് ഭരണച്ചുമതല.

തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്‌മനാഭപുരം ആയിരുന്ന കാലം. അവിടെ ഉണ്ടായിരുന്ന പട്ടാളക്കാർക്കുലഭിച്ച ഗണപതിവിഗ്രഹം അവർ ക്ഷേത്രം നിർമിച്ച് പൂജിച്ചുപോന്നു. ക്രമേണ പട്ടാളക്കാരുടെ മുഴുവൻ ആരാധനാമൂർത്തിയായി ഗണപതിവിഗ്രഹം മാറി. പിന്നീട് പട്ടാള ആസ്ഥാനം അനന്തപുരിയിലായപ്പോൾ പട്ടാളക്കാർ ഗണപതി വിഗ്രഹം ഇവിടേക്ക് കൊണ്ടുവന്ന് പഴവങ്ങാടി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. ഇതിന്റെ കാലം കൃത്യമായി പറയാൻ പറ്റില്ല. എന്നാൽ, മഹാരാജാക്കൻമാർ പോലും ആദ്യകാലം മുതൽ ഈ ഗണപതിയെ ആരാധിച്ചിരുന്നുവെന്നതിന് തെളിവ് മതിലകം രേഖയിലുണ്ട്. കാർത്തിക തിരുനാൾ രാമവർമ (ധർമരാജാവ് 1758-1798) കിഴക്കോട്ട് എഴുന്നള്ളിയ കൊല്ലവർഷം 946(1770)ൽ മഴ പെയ്യാതിരിക്കാൻ പഴവങ്ങാടി ഗണപതിക്ക് മുന്നൂറ് തേങ്ങയടിച്ച രേഖയുണ്ട് (ചുരുണ 1282 ആണ്ട് 946മാസം 12 തീയതി 10). ക്ഷേത്രത്തിന്റെ നടത്തിപ്പിന് തിരുവാതിര ഫണ്ട് എന്നൊരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത് പരിഷ്കരിച്ചതും ക്ഷേത്രത്തിൽ കൂടുതൽ വരുമാനമാർഗം ഉണ്ടാക്കാൻ നടപടി സ്വീകരിച്ചതും ഇവിടുത്തെ ഉത്സവങ്ങൾ കൂടുതൽ ആകർഷകമാക്കിയതും തിരുവിതാംകൂറിലെ നായർ ബ്രിഗേഡിന്റെ (പിൽക്കാലത്ത് സ്റ്റേറ്റ് ഫോഴ്‌സിന്റെ) മേജർ ജനറൽ ആയിരുന്ന വി.എൻ. പരമേശ്വരപിള്ള (ഒ.ബി.ഇ., ജി.ഒ.സി.)ആണ്. അദ്ദേഹം ലഫ്റ്റനന്റ് കേണൽ ആയിരുന്നപ്പോഴാണ് തേങ്ങയടിയിലൂടെ ക്ഷേത്രത്തിന് കൂടുതൽ വരുമാനം ലഭിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിച്ചത്. അതേവരെ എറിയുന്ന തേങ്ങ കൈബലമുള്ളവർ എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്. തിരുവാതിര കമ്മിറ്റിയുടെ അധ്യക്ഷനെന്നനിലയിൽ അദ്ദേഹം കൈക്കൊണ്ട തീരുമാനം ക്ഷേത്രത്തിന് വൻ വരുമാനമാർഗമായി മാറ്റി. പിന്നീടുള്ള വർഷങ്ങളിൽ ആണ്ടുതോറും തേങ്ങ ലേലത്തിലൂടെ നാൽപ്പതിനായിരം രൂപവരെ ലഭിക്കാൻ തുടങ്ങി. ഇവിടുത്തെ കുലവാഴ ചിറപ്പ് അനന്തപുരിയിലെതന്നെ പ്രധാന ഉത്സവമായി മാറി. മഹാരാജാവും ദിവാനും രാജകുടുംബാംഗങ്ങളും ഉൾപ്പെടെ പതിനായിരങ്ങൾ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വെട്ടിമുറിച്ച കോട്ടമുതൽ പുത്തൻ കച്ചേരി വരെ ഉത്സവത്തോടനുബന്ധിച്ച് അലങ്കാരങ്ങളും ആർച്ചുകളും ഉണ്ടായിരുന്നു. പേരുകേട്ട കലാകാരന്മാരാണ് ഉത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയിരുന്നത്. ബാൻഡുമേളം, ചെണ്ടമേളം, തിരുവാതിരകളി, കോലടി, പൊയ്ക്കാലോട്ടക്കാർ, ഭജനക്കാർ എന്നിവരും പട്ടാളക്കാരും അടങ്ങിയ പട്ടണ പ്രദക്ഷിണം നഗരത്തെ ഇളക്കിമറിച്ച കാഴ്ചകളായിരുന്നു. കോട്ടയ്ക്കകത്തെ തെരുവുകളിൽക്കൂടിയാണ് ഇത് കടന്നുപോയിരുന്നത്. ഗംഭീര വെടിക്കെട്ടോടുകൂടിയാണ് ഉത്സവം സമാപിച്ചിരുന്നത്.

ഒന്നും രണ്ടും ലോകമഹായുദ്ധത്തിന് സാക്ഷിയാണ് പഴവങ്ങാടി ഗണപതിക്ഷേത്രം. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെകാലത്ത് നടന്ന ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻപോയ തിരുവിതാംകൂർ പട്ടാളക്കാർ ഇവിടെ തേങ്ങയടിച്ചും നേർച്ചകൾ കൊടുത്തുമാണ് യാത്രയായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യംപോയ ഒന്നാംപട്ടാളത്തിനും രണ്ടാംപട്ടാളത്തിനും അനന്തപുരിയിൽ കോർപ്പറേഷൻ മേയർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഗംഭീര യാത്രയയപ്പ് നൽകി. അവരെല്ലാം പഴവങ്ങാടി ഗണപതിക്ക് തേങ്ങയടിച്ചശേഷമാണ് പുറപ്പെട്ടത്. യുദ്ധത്തിനു ശേഷം തിരിച്ചെത്തിയ പട്ടാളക്കാരും ഈ ക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് വീട്ടിലേക്ക് പോയത്, അതേപോലെ തലസ്ഥാനത്തുനടന്ന വിക്ടറി റാലിയിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഈ ക്ഷേത്ര സന്ദർശനവും നടത്തിയിരുന്നു. ഇന്നും തിരുവാതിര കമ്മിറ്റിതന്നെയാണ് ക്ഷേത്രഭരണം നടത്തുന്നത്. അതിൽ സൈനിക ഉദ്യോഗസ്ഥരും സിവിലിയൻമാരുമുണ്ട്. പുനർനിർമാണം പൂർത്തിയാകുന്നതോടെ ഭക്തജനങ്ങൾക്ക് ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കും.