അഴിക്കോട്: തിരുവനന്തപുരം-തെങ്കാശിപ്പാതയിലെ പ്രധാന ജങ്ഷനുകളിലൊന്നായ അഴിക്കോടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വിനോദ സഞ്ചാരകേന്ദ്രമായ അരുവിക്കരയിലേക്കുള്ള റോഡ് തിരിയുന്ന ജങ്ഷനിൽ പകൽ സമയങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

മൂന്നു റോഡുകൾ സംഗമിക്കുന്ന വളവിലാണ് ഈ ജങ്ഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ വാഹനാപകടങ്ങളും പതിവാണ്. ഇടുങ്ങിയ റോഡിനിരുവശത്തും വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കാരണം അപകട ഭീതിയിലാണ് കാൽനട യത്ര പോലും ചെയ്യുന്നത്. സ്കൂൾ, കോളേജുകൾ, വൈദ്യുതി ഓഫീസ്, തപാേലാഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, അക്ഷയകേന്ദ്രം, മാവേലിസ്റ്റോർ, തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അഴിക്കോടിൽ രാവിലെയും വൈകുന്നേരവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

യാത്രക്കാർക്ക് ഈ ജങ്ഷനിലെ റോഡ് മുറിച്ചുകടക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് യാതൊരു സംവിധാനവുമില്ല.

ഇവിടത്തെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. അഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കും നെടുമങ്ങാട്ടേക്കുമുള്ള സ്റ്റോപ്പുകൾ ഇടുങ്ങിയ ജങ്ഷനിരുവശവുമായിട്ടാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരത്തേക്കുള്ള സ്റ്റോപ്പ് മുന്നോട്ട് നീക്കി ട്രാൻസ്‌ഫോമർ കഴിഞ്ഞും നെടുമങ്ങാട്ടേക്കുള്ള സ്റ്റോപ്പ് വളവു കഴിഞ്ഞും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight: Traffic block in Azhikkode