കിളിമാനൂർ : ആശാപ്രവർത്തകരായ ജലജയും ഗീതയും ദീപ്തിയും മാലാഖമാരായി പറന്നെത്തി, ഫോണിന്റെ മറുതലയ്ക്കൽ ദൈവത്തെപ്പോലെ ഡോക്ടറും. വാഹനം കയറാത്ത പള്ലിക്കര പുലിപ്പാറ വീട്ടിൽ വീണ്ടുമൊരു കൺമണിക്ക് സുഖമായെത്താൻ ഇത്രയും ധാരാളമായിരുന്നു.

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 11-ാം വാർഡിൽ ഊമൺ പള്ളിക്കര പുലിപ്പാറ വീട്ടിൽ സന്ധ്യാ സുരേഷിന്റെ പ്രസവമാണ് ആമിർഖാന്റെ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് സിനിമയിലെ ക്ലൈമാക്സ് രംഗത്തെ അനുസ്മരിപ്പിച്ച് നടന്നത്.

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 11-ാം വാർഡിൽ ഊമൺ പള്ളിക്കര പുലിപ്പാറ വീട്ടിൽ സന്ധ്യാ സുരേഷിന്റെ അഞ്ചാമത്തെ പ്രസവത്തിനാണ് ആശാപ്രവർത്തകരായ ജലജ, ഗീത, ദീപ്തി എന്നിവർ സഹായവുമായി എത്തിയത്.

അടയമൺ ഗവ. ആശുപത്രി വാർഡിലെ ആശാപ്രവർത്തക ജലജ കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ജോലിക്ക് പോകാനിറങ്ങിയപ്പോഴാണ് നഴ്സ് ഷെറിൻ ഫോണിൽ വിളിച്ച് സന്ധ്യയുടെ പ്രസവവേദനയുടെ വിവരം പറഞ്ഞത്. ഉടൻതന്നെ ജലജയും ഒപ്പമുണ്ടായിരുന്ന ഗീതയും ദീപ്തിയും സന്ധ്യയുടെ വീട്ടിലെത്തി. വീട്ടിൽ സന്ധ്യയുടെ ഭർത്താവ് സുരേഷ് മാത്രമാണുണ്ടായിരുന്നത്. വാഹനമെത്താത്ത ഈ വീട്ടിൽനിന്ന് സന്ധ്യയെ ആശുപത്രിയിൽ എത്തിക്കാനാവുന്ന അവസ്ഥയിലായിരുന്നില്ല. പ്രസവം ഉടൻ നടക്കുമെന്നായപ്പോൾ അടയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഷീജയെ വിളിച്ചു. ഡോക്ടർ യുവതിയുടെ പരിചരണത്തിനാവശ്യമായ നിർദേശങ്ങൾ ആശാപ്രവർത്തകർക്ക് ഫോണിലൂടെ നൽകി.

പൊക്കിൾകൊടിമുറിക്കാനുള്ള പുതിയ ബ്ലേഡും തുണിയും ഇവർ തന്നെ കണ്ടെത്തി. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം പ്രസവമെടുത്ത് പൊക്കിൾക്കൊടിമുറിച്ച് അമ്മയെയും പെൺകുഞ്ഞിനെയും സുരക്ഷിതമായി വേർപെടുത്തി.

പിന്നീട് ആശുപത്രിയിൽ എത്തിക്കാനായി ‘ആശമാർ’ ആംബുലൻസിനായി പലയിടത്തും ശ്രമിച്ചു. ഒടുവിൽ കിളിമാനൂർ ജയദേവൻ മാസ്റ്റർ സൊസൈറ്റിയുടെ ആംബുലൻസ് എത്തിച്ച് കടയ്ക്കൽ ഗവ. ആശുപത്രിയിലേക്ക് മാറ്റാനും മുൻകൈയെടുത്തു. വാഹനവാടകയും ആശുപത്രിയിലെ ചെലവുകളും ഇവർതന്നെ നൽകി.

സന്ധ്യയുടെ നാലാമത്തെ പ്രസവം 108 ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതു കണ്ട സന്തോഷത്തിലാണ് ആശമാർ മൂവരും പിന്നീട് ജോലിക്കുപോയത്.

Content Highlights: Three health workers taken delivery of a women