തിരുവനന്തപുരം : നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി കവർച്ച നടത്തിയ കേസിൽ മൂന്നു പേർ പിടിയിൽ. പശ്ചിമബംഗാൾ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.കയാം(49), കൊൽക്കത്ത സ്വദേശി സുബൈർ കുദാസി(47) എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത്.

എറണാകുളത്തേക്കുള്ള നിസാമുദ്ദീൻ എക്സ്പ്രസിൽ വച്ചാണ് ഇവർ പിടിയിലായത്. കഴിഞ്ഞ മാസം തുടക്കത്തിലാണ് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽനിന്ന്‌ 15 പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയത്. ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി മൂന്നു സ്ത്രീകളെ ബോധരഹിതരാക്കിയായിരുന്നു മോഷണം. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ അഞ്ജലി, തമിഴ്‌നാട് സ്വദേശി കസല്യ എന്നിവരിൽനിന്നാണ്‌ സ്വർണവും പണവും കവർന്നത്.

തിരുവനന്തപുരത്തെത്തിയ തീവണ്ടിയിൽ മൂന്നു സ്ത്രീകൾ ബോധരഹിതരായി കിടക്കുന്നതു കണ്ടെത്തിയതോടെയാണ് കവർച്ച പുറത്തറിഞ്ഞത്. ഡൽഹിയിൽനിന്ന്‌ ഒരു വിവാഹത്തിനായാണ് വിജയലക്ഷ്മിയും മകളും എത്തിയത്. ഇവർക്ക് കായംകുളത്തും കൗസല്യക്ക് ആലുവയിലുമാണ് ഇറങ്ങേണ്ടിയിരുന്നത്.

റെയിൽവേ സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിലെത്തിയാണ് പ്രതികളെ കുടുക്കിയത്. എസ്.ഐ.മാരായ ഇലിയാസ് താഹ, സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ജിതിൻ, സജീർ, ഹരി, സതീശൻ, ഷംഷീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.