വിഴിഞ്ഞം : കാറിലെത്തിയ സംഘം നടുറോഡിൽ നാടൻ പടക്കമെറിഞ്ഞ് പരിഭ്രാന്തി പരത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പയറ്റുവിള സജീവ് ഭവനിൽ സജീവ്(44), ഉച്ചക്കട റെജി ഭവനിൽ റെജി(43), വാറുവിളാകത്ത് വീട്ടിൽ ബിജു(44) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം ആദ്യം ഉച്ചക്കട ജങ്ഷനിലും പിന്നീട് പയറ്റുവിള ജങ്ഷനിലും പടക്കമെറിഞ്ഞത്. ഉഗ്രശബ്ദത്തിൽപ്പൊട്ടിയ പടക്കത്തിന്റെ ശബ്ദം കേട്ട് അതുവഴി പോകുകയായിരുന്ന ആളുകൾ ചിതറിയോടി. തുടർന്ന് സംഘം കാറുമായി നെല്ലിവിള ഭാഗത്തേക്കു പോയെന്നാണ് നാട്ടുകാർ പോലീസിന് നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം പോലീസ് ഇവരെ പിടികൂടിയത്.

വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ. കെ.എൽ.സമ്പത്ത്, ജി.വിനോദ്, പോലീസുകാരായ സഞ്ചു, കൃഷ്ണകുമാർ, വിജിത എന്നിവരാണ് ഇവരെ അറസ്റ്റുചെയ്തത്.

Content Highlights: Three arrested for creating panic in public by throwing crackers