കിളിമാനൂർ: ലഹരിയിൽ ബന്ധങ്ങളും സൗഹൃദങ്ങളും മറന്ന് സംഘർഷവും ക്രൂരമായ കൊലപാതകവും വരെയത്തുന്ന സംഭവങ്ങൾ കിളിമാനൂർ മേഖലയിൽ വർധിക്കുന്നു. ഇത്തരത്തിൽ നടക്കുന്ന നാലാമത്തെ കൊലപാതകമാണ് ഞായറാഴ്ച കിളിമാനൂർ പഞ്ചായത്തോഫീസിലുണ്ടായത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന സുഹൃത്തുക്കൾ തമ്മിൽ തല്ലി കൊലപാതകത്തിൽ കലാശിക്കുന്നതാണ് സംഭവങ്ങളിലേറെയും.
ഗുരുതരമായി പരിക്കേൽക്കുന്ന സംഘട്ടനങ്ങളും കൊലപാതകവുമാണ് പലപ്പോഴും പുറത്തറിയുന്നത്. അറിയപ്പെടാതെ പോകുന്ന അക്രമ സംഭവങ്ങൾ നിരവധിയാണ്. ഞായറാഴ്ച രാത്രി കിളിമാനൂർ പഞ്ചായത്തോഫീസിനുള്ളിൽ എറണാകുളം പാതാളം സ്വദേശികളായ കരാർ പണിക്കാരാണ് മദ്യപിച്ച് സംഘർഷമുണ്ടാക്കിയത്. രണ്ടുപേർ ചേർന്ന് മറ്റ് രണ്ടുപേരേ അടിച്ച് വീഴ്ത്തുകയായിരുന്നു.
അടിയേറ്റവരിൽ ഒരാൾ മരിച്ചു. സംഭവത്തിൽ മുരുകൻ, കൃഷ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 31-ന് രാത്രി തട്ടത്തുമല പറണ്ടകുഴി സ്വദേശികൾ തമ്മിൽ മദ്യശാലയിൽ വച്ചുണ്ടായ തർക്കം യുവാവിന്റെ ജീവനെടുത്തു. പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ സഞ്ജു (31) ആണ് മരിച്ചത്. സുഹൃത്ത് ഷിബുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ ശാസ്താംപൊയ്ക സ്വദേശികളായ സഹോദരന്മാരടക്കം മൂന്നുപേർ അറസ്റ്റിലായി.
നവംബർ 12-ന് നഗരൂരിൽ ബേക്കറി ബോർമ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ കണ്ണൂർ സ്വദേശി അരവിന്ദൻ (54) കൊല്ലപ്പെട്ടു. ഈ കേസിലും രണ്ടുപേർ അറസ്റ്റിലായി. ദിവസങ്ങൾക്കകം 17-ന് വൈകുന്നേരം നഗരൂരിൽ വിദേശത്ത് പോകാനിരുന്ന യുവാവ് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ വാക്കുതർക്കത്തിൽ കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ് മരിച്ചു. നഗരൂർ നെടുമ്പറമ്പ് കൊച്ചക്കര കോണുവിള വീട്ടിൽ ശ്രീരാജ് (കിങ്ങിണി-34) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ അറസ്റ്റിലായി.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും ഇവ നിയന്ത്രിക്കുന്നതിനോ അക്രമികളെ അമർച്ച ചെയ്യുന്നതിനോ നടപടിയുണ്ടാകുന്നില്ല. ലഹരിക്കെതിരേ ബോധവത്കരണ നടപടികൾ സജീവമാണെന്നാണ് അവകാശവാദം. ഗ്രാമീണ മേഖലയിലടക്കം കഞ്ചാവ് മാഫിയയുടെ പ്രവർത്തനം സജീവമാണ്. സംഭവങ്ങൾ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്.