കഴക്കൂട്ടം: കേരള സ്റ്റാർട്ടപ് മിഷൻ സംസ്ഥാനത്തെ കാമ്പസുകളിലൂടെ നടത്തിയ യാത്രയിൽ കണ്ടെത്തിയത് പുതിയ പ്രതീക്ഷകൾ നല്കുന്ന ആശയങ്ങളും സംരംഭങ്ങളും. മികച്ച ആശയങ്ങൾക്ക് യാത്രയുടെ സമാപനച്ചടങ്ങായ ഗ്രാൻഡ് ഫിനാലെയിൽ കാഷ് അവാർഡുകൾ വിതരണം ചെയ്തു.

ഓടകളിലെയും ജലാശയങ്ങളിലെയും ഖരമാലിന്യം നീക്കംചെയ്യാനുള്ള ഉപകരണത്തിന് ആശയം അവതരിപ്പിച്ച് സി.ആർ.അരുണിമ മികച്ച വനിതാസംരംഭകയ്ക്കുള്ള പുരസ്‌കാരം നേടി. വയനാട് മീനങ്ങാടി സർക്കാർ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ ഡിപ്ലോമ വിദ്യാർഥിനിയാണ് അരുണിമ. സഹപാഠിയായ അശ്വിൻ സി.ജാക്‌സണിനൊപ്പമാണ് അരുണിമ ഇതു രൂപകല്പന ചെയ്തത്.

മികച്ച സാങ്കേതികവിദ്യ സ്റ്റാർട്ടപ് വിഭാഗത്തിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വിദ്യാർഥികളായ അമൽ സി.സജിയും അക്ഷയ് വിജയനും ഒന്നാംസ്ഥാനം നേടി. യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളും ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ്ങും ബ്ലോക്ക് ചെയിൻ വിദ്യകൊണ്ട് കൂടുതൽ സുരക്ഷിതമാക്കിമാറ്റാമെന്നാണ് ഇവരുടെ ആശയം. മികച്ച സാമൂഹിക സ്റ്റാർട്ടപ് വിഭാഗത്തിൽ മഞ്ചേരി ഏറനാട് നോളജ് സിറ്റി കാമ്പസിലെ കെ.റിസ്വാൻ അഹമ്മദിന്റെ സംഘത്തിനാണ് ഒന്നാം സ്ഥാനം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നടപ്പാതയിൽ വിരിക്കാനുള്ള കട്ടകളാക്കിമാറ്റുന്ന വിദ്യയാണ് ഇവർ അവതരിപ്പിച്ചത്. മാലിന്യം ഉരുക്കുമ്പോൾ പുറത്തുവരുന്ന വാതകത്തെ പിടിച്ചെടുത്ത് ജിപ്‌സം ഉണ്ടാക്കുന്നു. സംസ്ഥാനത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേക്കും സംരംഭകത്വത്തിന്റെ വഴിതുറക്കാനാണ് കേരള സർക്കാരിന്റെ കേരള സ്റ്റാർട്ടപ് മിഷനും കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ് ഇന്ത്യയും ചേർന്ന് സ്റ്റാർട്ടപ് യാത്ര സംഘടിപ്പിച്ചത്.

നവംബർ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാണിച്ച യാത്ര കാസർകോടുവരെ സഞ്ചരിച്ചാണ് മടങ്ങിയത്. 14 കേന്ദ്രങ്ങളിൽ യാത്ര യുവജനങ്ങളുമായി സംവദിച്ചു. വിദ്യാർഥികളെയടക്കം പങ്കെടുപ്പിച്ച് എട്ട് ബൂട്ട് ക്യാമ്പുകൾ നടത്തി. ഈ ക്യാമ്പുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളാണ് സംരംഭകത്വത്തിലേക്കുള്ള പ്രതീക്ഷയുമായി എത്തിയത്. പങ്കെടുത്ത നൂറ്റിയെൺപതോളം പേരിൽനിന്നുള്ള എൺപതോളം ആശയങ്ങളിൽനിന്നാണ് 20 ആശയങ്ങൾ സമ്മാനാർഹമായത്.

പത്തരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഗ്രാൻഡ് ഫിനാലെയിലെത്തിയ എല്ലാ ആശയങ്ങളും മിഷന്റെ ഇൻകുബേഷനും അർഹമായി. കേരളത്തിനു പുറത്തുള്ള സ്റ്റാർട്ടപ്പുകളെ ഇവിടേക്ക് ആകർഷിക്കാനും ദേശീയതലത്തിൽ കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമുള്ള ദേശീയ ഇൻകുബേഷൻ സഹകരണക്കരാറിൽ ഗുഡ്ഗാവ് ആസ്ഥാനമായുള്ള സിൻജെക്‌സ് എക്‌സിബിഷൻ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും കേരള സ്റ്റാർട്ടപ് മിഷനും ഒപ്പുവെച്ചു. സ്റ്റാർട്ടപ് ഇന്ത്യ പ്രതിനിധി ദീക്ഷാ സിങും മിഷൻ സി.ഇ.ഒ. സജി ഗോപിനാഥുമാണ് കരാറിൽ ഒപ്പുവെച്ചത്. സ്റ്റാർട്ടപ് ഇന്ത്യ പ്രതിനിധിയായ അമിത് ശർമ്മയും സമാപനസമ്മേളനത്തിൽ പങ്കെടുത്തു.