ആറ്റിങ്ങൽ: കിഴുവിലത്ത് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകൻ കിഴുവിലം മാമംനട പുത്തൻവിള ജങ്ഷൻ മീനുഭവനിൽ പ്രവീൺ (26), അനുജൻ സച്ചിൻ (23) എന്നിവരെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 22-ന് രാത്രി 9.45-ന് മാമംനട പാവയിൽക്കട ജങ്ഷനിലാണ് ആക്രമണമുണ്ടായത്.

പ്രവീണിന്റെ വലതുകൈ അടിച്ചൊടിക്കുകയും സച്ചിനെ മർദിക്കുകയും ചെയ്ത സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. പ്രവീണിനെയും സച്ചിനെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവീണിന്റെ കുഞ്ഞിന് മരുന്നുവാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. കിഴുവിലം സ്വദേശികളായ കണ്ടാലറിയുന്നവരാണ് പ്രതികളെന്ന് പ്രവീൺ പോലീസിന് മൊഴി നല്കിയിരുന്നു. ഇതേ സംഘം രണ്ടാഴ്ചമുമ്പ് മാമംനടയിൽ ഒരു വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ അക്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.

പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻനായർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത്‌ കോൺഗ്രസ് നേതാക്കളായ അജു കൊച്ചാലുംമൂട്, അശോകൻ, പ്രവീൺ, അനീഷ്, സുമിത്ത്, ഹരി എന്നിവർ അറിയിച്ചു.