തിരുവനന്തപുരം: ഒറ്റപ്രസവത്തിൽ സുരേഷ്‌കുമാർ-സുനിത ദമ്പതിമാർക്കു ജനിച്ച മൂന്നു കുഞ്ഞുങ്ങൾക്കു തുള്ളിമരുന്നു നൽകി പൾസ് പോളിയോ മരുന്നുവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിളപ്പിൽശാല ആശുപത്രിയിൽ മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. സഹോദരങ്ങളായ അഭിരാമി, അർജുൻ, അശ്വതി എന്നിവർക്കാണ് മന്ത്രി മരുന്നു നൽകിയത്.

സംസ്ഥാനത്ത് ഇരുപത്തിനാലായിരം കേന്ദ്രങ്ങളിലായി 25 ലക്ഷം കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധമരുന്നു നൽകിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇങ്ങനെ ശ്രദ്ധയോടെ മുന്നേറുന്നതുകൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറവാണ്. പല രോഗങ്ങളെയും പ്രതിരോധിക്കാൻ നമുക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐ.ബി.സതീഷ് എം.എൽ.എ. അധ്യക്ഷനായി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത്‌ പ്രസിഡന്റ് കെ.അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ഗിരിജ, ആർ.ബി.ബിജുദാസ്, ഷീല എന്നിവർ സംസാരിച്ചു.

ജില്ലയിൽ 205844 കുട്ടികൾക്കു തുള്ളിമരുന്നു നൽകി

ജില്ലയിൽ 205844 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്നു നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1773 കുട്ടികൾക്കും മരുന്നു നൽകിയിട്ടുണ്ട്. ഞായറാഴ്ച മരുന്നു കഴിക്കാനാവാത്ത കുട്ടികൾക്ക് വൊളന്റിയർമാർ വീടുകളിലെത്തി മരുന്നു നൽകും.