തിരുവനന്തപുരം: അനന്തപുരിയുടെ വീഥികളെ വർണാഭമാക്കുന്ന ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപ്തിയാകും.
വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും.
ഇന്ത്യയുടേയും കേരളത്തിന്റെയും വൈവിധ്യമാർന്ന കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യാഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢസേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണമേഖലയുടേയും എൺപതോളം നിശ്ചലദൃശ്യങ്ങളും പത്ത് സംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങളുൾപ്പെടെ എൺപത്തഞ്ചോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.
പൂരക്കളി, വേലകളി, കേരള നടനം, മോഹിനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻ പറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങി ഇരുപത്തിനാല് കലാരൂപങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിക്കും. ഘോഷയാത്ര കടന്നുപോകുന്ന വീഥിയിലെ അഞ്ചു കേന്ദ്രങ്ങളിൽ ഗായകർ നാടൻ പാട്ടുകൾ ആലപിക്കും. ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിക്കും. വാദ്യോപകരണങ്ങളും മുത്തുക്കുടകളുമായി സി.ആർ.പി.എഫ്. ജവാൻമാർ മുന്നിൽ നിരക്കും. പോലീസ് ബാൻഡും ഘോഷയാത്രയുടെ ഭാഗമാകും.
യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ടാതിഥികൾക്ക് മുന്നിൽ എട്ട് തെയ്യം കലാരൂപങ്ങൾ അവതരിപ്പിക്കും.
വൈകീട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.