തിരുവല്ലം: കുന്നിടിഞ്ഞ് വീട് തകര്‍ന്ന് ഒറ്റപ്പട്ടുപോയ കുടുംബം ഭീതിയില്‍. തിരുവല്ലം നെല്ലിയോട് മേലെ വീട്ടില്‍ ശശിധരന്‍ ആശാരിയും കുടുംബവുമാണ് വീട്ടില്‍ ഭയപ്പാടോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്. ശക്തമായ മഴയുണ്ടാകുമ്പോള്‍ കുന്നിടിച്ചില്‍ തുടരുകയാണ്. കുന്നിടിച്ചില്‍ തടയുവാനുള്ള മാര്‍ഗം ഒരുക്കി സുരക്ഷിതത്വമൊരുക്കുമെന്ന് അധികൃതര്‍ നല്‍കിയ വാഗ്ദാനവും പാഴായി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ ചുറ്റുമുള്ള കുന്നിടിഞ്ഞ് വീണ്ടും താഴേക്ക് പതിച്ചു. മഴ തുടര്‍ന്നാല്‍ ഇനിയും കുന്നിടിയുമെന്ന ആശങ്കയിലാണ് കുടുംബം. 2014 സെപ്റ്റംബര്‍ നാലിനാണ് 30-അടിയോളം ഉയരമുള്ള സമീപത്തെ കുന്നിന്റെ ഒരുവശം അടര്‍ന്ന് ശശിധരന്റെ വീടിനു മുകളില്‍ വീണത്. കുന്നിന്‍മുകളിലുണ്ടായിരുന്ന മരങ്ങളും കടപുഴകിവീണതോടെ മേല്‍ക്കൂരയും ചുമരുമിടിഞ്ഞു.

ശശിധരന്റെ ആലയും തകര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് മുന്‍ കളക്ടര്‍ ബിജുപ്രഭാകര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, വി.ശിവന്‍കുട്ടി എം.എല്‍.എ. അടക്കമുള്ളവര്‍ അന്ന് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അപകടത്തിനിടയാക്കുന്ന കുന്നിടിച്ച് മാറ്റാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പും നല്‍കി. ജിയോളജി ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയിരുന്നു.

അപകടത്തിനിടയാക്കിയ കുന്നിനു മുകളില്‍ ചില കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അതിനാല്‍ അവരുമൊത്ത് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുമെന്നാണ് കളക്ടര്‍ നല്‍കിയിരുന്ന ഉറപ്പ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. തകര്‍ന്നുപോയ വീടിന്റെ ഒറ്റമുറിയിലാണ് കുടുംബമിപ്പോള്‍ താമസിക്കുന്നത്. മേല്‍ക്കൂരയ്ക്ക് പകരം ടാര്‍പോളിന്‍ ഷീറ്റുപയോഗിച്ച് മറച്ചാണ് കഴിയുന്നത്. വീട് പുനര്‍നിര്‍മിക്കണമെങ്കില്‍ അപകടത്തിനിടയാക്കുന്ന കുന്നിന്റെ ഉയരം കുറയ്ക്കണം.

മഴയും വെയിലുമേല്‍ക്കാതെ കിടന്നുറങ്ങാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശശിധരന്റെ ഭാര്യ രാധ പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കുള്ള എല്ലാ സഹായവുംചെയ്യുന്ന സര്‍ക്കാര്‍ തങ്ങളുടെ സങ്കടവും കാണാതെ പോകരുതെന്ന് രാധ പറയുന്നു.