നെയ്യാറ്റിൻകര: കളത്തറയ്ക്കൽ പാടശേഖരത്തിലൂടെ നഗരസഭയെയും കൊല്ലയിൽ പഞ്ചായത്തിനെയും ബന്ധിക്കുന്ന കണ്ണംകുഴി-പള്ളംവിള റോഡിൽ പാലം യാഥാർഥ്യമായി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ ആസ്ഥിവികസന ഫണ്ടുപയോഗിച്ച് നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.

എയ്തുകൊണ്ടകാണി, പനയംമൂല, പെരുമ്പോട്ടുകോണം, മാങ്കോട്ടുകോണം പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് കണ്ണംകുഴി-പള്ളംവിള റോഡിൽ പാലം നിർമിക്കണമെന്നത്. കണ്ണംകുഴിയിൽനിന്നാണ് പള്ളംവിള എലാ റോഡ് തുടങ്ങുന്നത്.

കളത്തറയ്ക്കൽ, കൊല്ലയിൽ ഏലകളിലെ കർഷകർ ഉപയോഗിക്കുന്ന റോഡാണിത്. റോഡ് തുടങ്ങുന്ന കണ്ണംകുഴിയിൽ നടുത്തോടിനു കുറുകേയായി നാട്ടുകാർ ഇതുവരെ ഉപയോഗിച്ചിരുന്നത് തെങ്ങിൻ തടികൊണ്ടുള്ള പാലമായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് കണ്ണംകുഴിയിൽ നടുത്തോടിനു കുറുകേയായി പാലം നിർമിച്ചത്.

എം.എൽ.എ.യുടെ ആസ്ഥി വികസന ഫണ്ടിൽനിന്ന്‌ 34 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. പാലത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കണ്ണംകുഴിയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ. നിർവഹിക്കും.

കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ അധ്യക്ഷയാകും. ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ മജു ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. റോഡിന്റെ നാമകരണം നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ നിർവഹിക്കും.