തിരുവനന്തപുരം: വേദികളിൽ അധികമെത്താത്ത ആ അപൂർവ പല്ലവി തലസ്ഥാനത്തിന്റെ കലാസായാഹ്നത്തിൽ നിറഞ്ഞു; ഒപ്പം ദേവരാജസ്മൃതിയും. ഷഡ്കാല ഗോവിന്ദ മാരാരുടെ ഷഡ്കാല പല്ലവിയെ അതിന്റെ മൗലികത ചോരാതെ ചിട്ടപ്പെടുത്തിയ ജി.ദേവരാജന്റെ സൃഷ്ടിയാണ് അയ്യൻകാളി ഹാളിൽ അവതരപ്പിക്കപ്പെട്ടത്.

ഭാരത് ഭവനും ജി.ദേവരാജൻ മാസ്റ്റർ ട്രസ്റ്റും ദേവരാഗപുരം മ്യൂസിക് അക്കാദമിയും ചേർന്നാണ് സംഗീതപരിപാടി ഒരുക്കിയത്.

ദേവരാജൻ മാസ്റ്ററിൽനിന്ന് ഈ പല്ലവി നേരിട്ട് അഭ്യസിച്ച പ്രശസ്ത സംഗീതജ്ഞൻ ചെന്നൈ ഡോ. കെ.കൃഷ്ണകുമാറാണ് ഷഡ്കാല പല്ലവി ആലപിച്ചത്.

ദേവരാജൻ ചിട്ടപ്പെടുത്തിയ 25 പല്ലവികളിൽനിന്നുള്ള പ്രധാന പല്ലവിയാണ് അവതരിപ്പിച്ചത്. ആറ്റുകാൽ ബാലസുബഹ്മണ്യം വയലിനിലും നാഞ്ചിൽ അരുൾ മൃദംഗത്തിലും അകമ്പടിയായി. ദേവരാജന്റെ ശക്തിഗാഥാ ക്വയറിന്റെ അവതരണവും സായാഹ്നത്തെ സമ്പന്നമാക്കി.

‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും’ എന്ന ദേവരാജ സൃഷ്ടിയോടെയാണ് വേദി ഉണർന്നത്. തുടർന്ന് ശക്തിഗാഥയുടെ സ്ഥിരം അവതരണഗാനമായ ഒ.എൻ.വി.യുടെ ‘പൊന്നരയാലിന്റെ ചില്ലയിൽ പാടുന്ന പക്ഷികൾ ഞങ്ങൾ’ എന്ന ഗാനം നിറഞ്ഞു.

ദേവരാജ ശിഷ്യനായ സംഗീതസംവിധായകൻ സതീഷ് രാമചന്ദ്രനാണ് ക്വയർ നയിച്ചത്. മാസ്റ്ററിൽനിന്ന് ക്വയർ അഭ്യസിച്ചിട്ടുള്ള നിരവധി പേർ സംഘത്തിൽ അണിനിരന്നു. സൂര്യാ കൃഷ്ണമൂർത്തി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.