വർക്കല: തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത പണിമുടക്ക് വർക്കലയിൽ പൂർണവും സമാധാനപരവുമായിരുന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്. പ്രവർത്തിച്ച ചില സ്ഥാപനങ്ങൾ നേതാക്കളെത്തി അടപ്പിച്ചു. പണിമുടക്കിൽനിന്നു വിനോദസഞ്ചാര മേഖലയെ ഒഴിവാക്കിയെങ്കിലും തീവണ്ടിയിൽ വർക്കലയിൽ വന്നിറങ്ങിയ വിദേശ വിനോദസഞ്ചാരികൾ ബീച്ച് ഭാഗത്തേക്കു പോകാൻ വാഹനം കിട്ടാതെ വലഞ്ഞു. ഒടുവിൽ അവർ നടന്നുപോയി. യാത്രയ്ക്കിടെ സമരസമിതിയുടെ മാർച്ചും വിജനമായ ടൗണും മറ്റും അവർ ക്യാമറയിൽ പകർത്തി.

സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ വർക്കലയിൽ പ്രകടനം നടത്തി. തുടർന്നുനടന്ന യോഗം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നേതാവ് പി.ജെ.നൈസാം അധ്യക്ഷനായി. വി.ജോയി എം.എൽ.എ., ബി.പി.മുരളി, പി.എം.ബഷീർ, ബി.ഷാലി, എസ്.രാജീവ്, കെ.എം.ലാജി, എസ്.ഷാജഹാൻ, വി.രഞ്ജിത്ത്, എഫ്.നഹാസ്, മണിലാൽ, സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു.

ആറ്റിങ്ങൽ: പണിമുടക്കിയ തൊഴിലാളികൾ രാവിലെ ആറ്റിങ്ങലിൽ പ്രകടനം നടത്തി. കച്ചേരി ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി. ജങ്ഷനിലെത്തി തിരിച്ച് കച്ചേരിനടയിൽ സമാപിച്ചു. പ്രകടനത്തിന് ആർ.രാമു, എസ്.ലെനിൻ, അഞ്ചുതെങ്ങ്‌ സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, മനോജ് ബി.ഇടമന, എം.മുരളി എന്നിവർ നേതൃത്വം നല്കി. തുടർന്ന് സമരപ്പന്തലിൽ നടന്ന സമ്മേളനം ഐ.എൻ.ടി.യു.സി. നേതാവ് എം.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

കിളിമാനൂർ: കിളിമാനൂർ കവലയിൽ സംയുക്ത സമരസമിതി നടത്തിയ ധർണ ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നേതാവ് ചെറുനാരകംകോട് ജോണി അധ്യക്ഷനായി. എ.ഐ.ടി.യു.സി. നേതാവ് ബി.എസ്.റെജി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

കല്ലറ: കല്ലറ പാങ്ങോട് പ്രദേശങ്ങളിൽ പണിമുടക്ക് പൂർണമായിരുന്നു. അനിഷ്ട സംഭവങ്ങളോ അക്രമങ്ങളോ ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി., സ്വകാര്യ വാഹനങ്ങൾ ഓടിയില്ല.