നെയ്യാറ്റിൻകര: അമരവിള-പെരുങ്കടവിള-ആര്യങ്കോട് റോഡിന്റെ നിർമാണം, ഫണ്ടിങ് ഏജൻസിയായ കിഫ്ബി തടഞ്ഞിട്ട് ഒരു മാസം. സ്റ്റോപ്മെമ്മോ പിൻവലിപ്പിച്ച് റോഡ് നിർമാണം തുടങ്ങാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല.
കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.
കരാർ കാലാവധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെ തുടർന്നാണ് കിഫ്ബി നിർമാണം തടഞ്ഞത്. വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിലും കാലതാമസം വരുത്തിയെന്ന് കണ്ടെത്തിയിരുന്നു.
2018 ഫെബ്രുവരിയിലാണ് അമരവിള മുതൽ ആര്യങ്കോട് പാലം വരെ, 12.2 കിലോ മീറ്റർ റോഡിന്റെ നിർമാണം തുടങ്ങിയത്. 26.97 കോടി രൂപയാണ് അനുവദിച്ചത്. ഒരു വർഷത്തെ കാലാവധിയും നിശ്ചയിച്ചു.
പുനർനിർമാണത്തിനായി പലഭാഗവും കുത്തിപ്പൊളിച്ചിട്ടു. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി.
പിന്നീട് ടാർ ചെയ്തതാകട്ടെ ചില ഭാഗങ്ങളിൽ മാത്രവും.
അമരവിള മുതൽ ചായ്ക്കോട്ടുകോണം വരെയും പൂവൻകാല മുതൽ പെരുങ്കടവിള വരെയുമാണ് ആദ്യഘട്ട ടാറിങ് മാത്രം നടത്തിയത്. പെരുങ്കടവിളയിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
കരാർ കാലാവധി നീട്ടുന്നതിനുള്ള നടപടികളായിട്ടുണ്ട്. പക്ഷേ കിഫ്ബിയുടെ തടസ്സവാദം നീക്കാനായിട്ടില്ല. കിഫ്ബി സംഘം വീണ്ടും റോഡ് സന്ദർശിച്ച് വിലയിരുത്തിയിട്ടുണ്ട്. റോഡ് ഫണ്ട് ബോർഡ് യോഗം ചേർന്ന് തടസ്സംനീക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
നിർമാണ തടസ്സം നീക്കിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഉത്തരവായി ഇറങ്ങിയിട്ടില്ല. നിർമാണം നീളുന്നത് ഈ റോഡിലൂടെയുള്ള വാഹന യാത്ര കൂടുതൽ ദുരിതപൂർണമാക്കുകയാണ്. ബുധനാഴ്ച പറയ്ക്കോട്ടുകോണത്ത് റോഡിലെ കുഴിയിൽ ലോറി അകപ്പെട്ടു. ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് ഗതാഗതം പുന സ്ഥാപിക്കാനായത്.
quote
തിങ്കളാഴ്ച പുനരാരംഭിക്കും
കിഫ്ബിയുടെ ഉത്തരവിറങ്ങിയാൽ നിർമാണം തിങ്കളാഴ്ച പുനരാരംഭിക്കും. ഇതിനായുള്ള നടപടികൾ പൂർത്തിയായി.
ഗോഡ്‌വിൻ
അസിസ്റ്റന്റ് എൻജിനിയർ
പൊതുമരാമത്ത് വകുപ്പ്
ഫണ്ടിങ് ഏജൻസിയായ കിഫ്ബിയുടെ സ്റ്റോപ്പ് മെമ്മോ പിൻവലിപ്പിച്ചു.