തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിദ്യാർഥികൾക്ക് പ്രചോദനമേകാൻ കമാൻഡർ അഭിലാഷ് ടോമി എത്തി. വിദ്യാർഥികൾക്ക് പ്രതിരോധസേനയിൽ ചേരാൻ ആത്മവിശ്വാസം നൽകാനായി അദ്ദേഹം ക്ലാസെടുത്തു.

ലക്ഷ്യം എന്തുമാകട്ടെ ആത്മാർഥമായി പരിശ്രമിച്ചാൽ അതു നേടിയെടുക്കാമെന്ന് തന്റെ ജീവിതാനുഭവങ്ങൾ മുൻനിർത്തി അദ്ദേഹം കുട്ടികളോടു പറഞ്ഞു. പായ്‌വഞ്ചിയിൽ ലോകംചുറ്റിയ ഏകാംഗ പര്യടനത്തിന്റെ ഓരോ അനുഭവങ്ങളും അദ്ദേഹം കുട്ടികളും അധ്യാപകരുമായി പങ്കുവെച്ചു. ബോംബയിൽനിന്നു യാത്രതുടങ്ങി മാസങ്ങൾതാണ്ടി തെക്കൻ ചിലിയ്ക്കടുത്ത് കേപ് ഓഫ് ഹോൺ കടന്നതും സൗത്ത് ആഫ്രിക്കയുടെ അരികിലെ കേപ് ഓഫ് ഗുഡ്ഹോപ്പ് ചുറ്റിയതും നേരിട്ട വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. പരിക്കേറ്റതുകാരണം പൂർത്തീകരിക്കാനാവാത്ത ഗോൾഡൻ ഗ്ലോബ് പര്യടനത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ കരയിൽനിന്ന്‌ ഏതാണ്ട് 1600 നോട്ടിക്കൽ മൈലിനപ്പുറത്താണ് അപകടം സംഭവിച്ചത്.

ഇതിൽനിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 2022 ഗോൾഡൻ ഗ്ലോബ് പര്യടനത്തിൽ താൻ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂൾ കഴക്കൂട്ടത്തെ പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം കുട്ടികളുമായി സംവദിച്ചത്.