നെയ്യാറ്റിൻകര: കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) വാർഷിക ജനറൽ കൗൺസിൽ ശനിയാഴ്ച വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ തുടങ്ങും. ജനറൽ കൗൺസിലിനു മുന്നോടിയായി കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ പങ്കെടുക്കുന്ന പ്രത്യേക യോഗം നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ ആരംഭിച്ചു. ജനറൽ കൗൺസിൽ ഞായറാഴ്ച സമാപിക്കും.

അധികാര പങ്കാളിത്തം, നീതിസമൂഹത്തിന് എന്ന പ്രമേയമാണ് ജനറൽ കൗൺസിലിൽ ചർച്ചചെയ്യുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യത്തു നടക്കുന്ന സമരങ്ങളെക്കുറിച്ചും ആംഗ്ലോ ഇന്ത്യൻ സമുദായത്തിനു ലഭിച്ചുകൊണ്ടിരുന്ന പാർലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരേയുള്ള സമരങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.

ശനിയാഴ്ച രാവിലെ 10-ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിൽ അധ്യക്ഷനാകും. പൗരോഹിത്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച് ബിഷപ്പ് എം.സൂസപാക്യത്തെ ആദരിക്കും.

11-ന് വൈകീട്ടാണ് ബിഷപ്പുമാരുടെ ഇടവക സന്ദർശനം. 12-ന് രാവിലെ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ഇടവകകളിൽ പ്രത്യേക ദിവ്യബലി നടക്കും.

വ്ളാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയത്തിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് എം.സൂസപാക്യവും മാറനല്ലൂർ സെന്റ് പോൾ ദേവാലയത്തിൽ ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാപറമ്പിലും നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തിൽ കൊല്ലം മുൻ ബിഷപ്പ് സ്റ്റാൻലി റോമനും ആറയൂർ സെന്റ് എലിസബത്ത് ദേവാലയത്തിൽ കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരിയും പങ്കെടുക്കും.

പത്തനാവിള ദേവാലയത്തിൽ നെയ്യാറ്റിൻകര ബിഷപ്പ് വിൻസെന്റ് സാമുവലും മംഗലത്തുകോണം സെന്റ് അലോഷ്യസ് ദേവാലയത്തിൽ വിജയപുരം രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കുത്തച്ചേരിലും കുഴിച്ചാണി സെന്റ് ജോസഫ് ദേവാലയത്തിൽ കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയും മരിയാപുരം കർമലമാതാ ദേവാലയത്തിൽ കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരിയും മുള്ളുവിള തിരുകുടുംബ ദേവാലയത്തിൽ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ആർ.ക്രിസ്തുദാസും മാരായമുട്ടം ദേവാലയത്തിൽ പുനലൂർ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തനും തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ കൊച്ചി ബിഷപ്പ് ജോസഫ് കരിയിലും പങ്കെടുക്കും.