തിരുവനന്തപുരം: ഞായറാഴ്ചയായിരുന്നിട്ടും അവധിയെടുക്കാതെ പ്രചാരണത്തിലായിരുന്നു വട്ടിയൂർക്കാവിലെ യു.ഡി.എഫ്.സ്ഥാനാർഥി കെ.മോഹൻകുമാർ. പ്രാർഥനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും വോട്ടഭ്യർഥന. പരുത്തിപ്പാറ മാർത്തോമ പള്ളിയിലായിരുന്നു ആദ്യ സന്ദർശനം. ആരാധനാലയങ്ങളിൽ കയറി വോട്ട് ചോദിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണമുള്ളതിനാൽ പ്രാർഥന കഴിഞ്ഞ് പുറത്തെത്തിയവരുടെ കൈപിടിച്ചായിരുന്നു വോട്ടഭ്യർഥന. കൈവിടരുത്, ഒരു വോട്ടെന്ന സ്ഥാനാർഥിയുടെ അഭ്യർഥനയിൽ ചിരിതൂകി അവർ പറഞ്ഞു, കൂടെയുണ്ടാകും. ആത്മവിശ്വാസത്തോടെ അവിടെനിന്ന് നാലാഞ്ചിറയിലെ സെന്റ് തോമസ് മലങ്കര പള്ളിയിലേക്ക്.

പള്ളി കഴിഞ്ഞ് വിശ്വാസികളിറങ്ങാൻ പിന്നെയും ധാരാളം സമയം. അതുവരെ ആവഴി പോയവരോടെല്ലാം കുശലംപറഞ്ഞ് മോഹൻകുമാർ നിറഞ്ഞുനിന്നു. കൂടെയുണ്ടായിരുന്ന ഡി.സി.സി. അംഗം തോമസ് ചെറിയാൻ, കോൺഗ്രസ് സേവാദൾ ജില്ലാ ചെയർമാൻ ജോർജ് ലൂയിസ്, കേശവദാസപുരം കൗൺസിലർ സ്റ്റെഫി ജോർജ്, മുൻ കൗൺസിലർ ജോസഫ് ജോർജ് എന്നിവരുമായി അടുത്തപരിപാടികൾ ആസൂത്രണംചെയ്തു. അയൽക്കാരനായ അനിൽരാജ് മകൻ അഖിൽരാജിനൊപ്പമെത്തിയപ്പോൾ അദ്ദേഹത്തോടായി കുശലാന്വേഷണം. മൂവാറ്റുപുഴ സ്വദേശിയായ ഫാ.ഡെന്നീസ്, ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച വത്സാ ജോർജ്, കുറവൻകോണം സ്വദേശികളായ ലീലാമ്മ, ജെസി, അമ്മയും മകളുമായ അമ്മിണിയും കാഞ്ചനയും എന്നിവർക്കെല്ലാം സ്ഥാനാർഥിയെപ്പറ്റി മികച്ച അഭിപ്രായം. ബിസിനസുകാരനായ ജോർജ് തോമസിനും വിദ്യാർഥിയായ ഷിബുവിനും ഇതേ അഭിപ്രായം തന്നെ.

ഇവിടെ വോട്ടുചോദിക്കൽ, അവിടെ ലേലംവിളി

സ്ഥാനാർഥി വോട്ടഭ്യർഥനയുമായി കളംനിറഞ്ഞ് നിൽക്കുമ്പോൾ പള്ളിക്കകത്ത് ലേലംവിളി അതിലും തകൃതിയായിരുന്നു. ഇടവകാംഗങ്ങൾ കൊണ്ടുവന്ന മരച്ചീനി, പൊതിച്ച തേങ്ങ, നാരങ്ങ, അച്ചാർ തുടങ്ങിയ വിവിധ സാധനങ്ങൾക്കു വേണ്ടിയായിരുന്നു വാശിയോടെയുള്ള ലേലംവിളി. 20 ചെറുനാരങ്ങയ്ക്കായി 100 രൂപയിൽ തുടങ്ങിയ ലേലം ഒടുവിൽ കൊണ്ടത് 550 രൂപയ്ക്ക്. വിശേഷദിവസങ്ങളിൽ പതിവുള്ള ലേലംവിളി നോക്കി പുഞ്ചിരിതൂകിയ സ്ഥാനാർഥി അവിടെനിന്ന്‌ പട്ടം സെന്റ് മേരീസ് പള്ളിയിലേക്ക്. കോമ്പൗണ്ടിൽ കയറിയപ്പോൾ അവിടെ യുവജനവിഭാഗത്തിന്റെ ഫണ്ട് ശേഖരണാർഥം വിവിധസാധനങ്ങൾ വിൽക്കുന്നു. സ്ഥാനാർഥിയും വാങ്ങി, 550 രൂപയ്ക്ക് മീൻ അച്ചാർ. സ്ഥാനാർഥിയാകണമെന്ന് ഞാൻ അന്നേ പറഞ്ഞില്ലേയെന്ന് ചോദിച്ച് അപ്പോഴേക്കും പട്ടം എൽ.ഐ.സി.ലെയ്‌നിലെ മോളി ജോർജും ഓടിയെത്തി. കേശവദാസപുരം കൗൺസിലറായ സ്റ്റെഫി ജോർജിന്റെ വിവാഹദിവസം താൻ മുൻ എം.എൽ.എ.യായ കെ.മോഹൻകുമാറിനെ കണ്ടിരുന്നെന്നും സ്ഥാനാർഥിയാകണമെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും മോളിയുടെ വിശദീകരണം.

അവിടെനിന്നു മടങ്ങാൻനേരം ചാനലുകാർക്കായി കുറച്ചുനേരം. എം.പി.മാരായ ശശി തരൂരും കെ.മുരളീധരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രചാരണരംഗത്ത് സജീവമായതിലുള്ള സന്തോഷം പങ്കുവെക്കാനും അദ്ദേഹം മറന്നില്ല. തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളി, പേരൂർക്കട എബെനെസർ മാർത്തോമാ പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കിടെ സാമൂഹിക മാധ്യമത്തിലെ പ്രചാരണം കൈകാര്യംചെയ്യുന്ന നഹാസുമായി ചർച്ച. വരുംദിവസങ്ങളിൽ വീഡിയോ വഴിയുള്ള പ്രചാരണപ്രവർത്തനങ്ങൾ സജീവമാക്കാനും നിർദേശം. വിശ്വാസികളിറങ്ങാൻ താമസിക്കുമെന്നതിനാൽ സമീപവീടുകളിൽ കയറി വോട്ടഭ്യർഥന.

ഇതിനിടെ പ്രാർഥന കഴിഞ്ഞെത്തിയവരോട് വോട്ടു ചോദിച്ചു. ടെക്‌നോപാർക്കിൽ ജോലിയുള്ള സഹോദരങ്ങളായ ജിജോ ജോർജും ജീവൻ ജോസഫും വട്ടിയൂർക്കാവിൽ ആദ്യവോട്ട് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. എറണാകുളം സ്വദേശികളായ ഇരുവരും തലസ്ഥാനത്തേക്ക് താമസം മാറിയിട്ടേയുള്ളൂ. പേരൂർക്കടയിലേക്ക് പോകുംവഴി ചെറുപാലോട് ദേവീക്ഷേത്രത്തിൽ നടക്കുന്ന സപ്താഹയജ്ഞത്തിൽ പങ്കെടുക്കാനും കെ.മോഹൻകുമാർ സമയം കണ്ടെത്തി.

മിതമായ വാക്കുകളിൽ

പേരൂർക്കടയിലെത്തിയപ്പോഴേക്കും ബാപ്പുജി ഗ്രന്ഥശാലയിൽ യു.ഡി.എഫ്. കൺവെൻഷൻ ആരംഭിച്ചിരുന്നു. തിങ്ങിനിറഞ്ഞ ഹാളിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എസ്.ശിവകുമാർ എം.എൽ.എ.യെയും സാക്ഷിനിർത്തി കുറഞ്ഞ വാക്കുകളിൽ സംസാരം. അവിടെനിന്നു നേരെ സ്റ്റാച്യുവിലുള്ള ട്രിവാൻഡ്രം ഹോട്ടലിലേക്ക്. വിശ്വകർമ സർവീസ് സൊസൈറ്റിയുടെ തിരുവനന്തപുരം താലൂക്ക് യൂണിയൻ സമ്മേളനത്തിൽ പങ്കെടുത്ത് വോട്ടഭ്യർഥിക്കാൻ. ചാരാച്ചിറ പെന്തക്കോസ്ത് മിഷൻ പള്ളിയിലെത്തിയപ്പോഴേക്കും പ്രാർഥന കഴിഞ്ഞ് വിശ്വാസികൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവിടെനിന്ന്‌ വഞ്ചിയൂരിലെത്തി ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വലിയവിളയിലെ റസിഡൻറ്‌സ്‌ അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത് അവിടെനിന്നു ഉച്ചഭക്ഷണം. വൈകുന്നേരം വട്ടിയൂർക്കാവിലെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് മടക്കം.