തിരുവനന്തപുരം: തലസ്ഥാനത്ത് വൈകുന്നേരം പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കം. മരം വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണു. ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ ഇരുട്ടിലായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വിഴിഞ്ഞത്ത് റേഷൻ കടയിൽ വെള്ളം കയറി ഒരു ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ നശിച്ചു. മെഡിക്കൽ കോേളജ് സബ് സ്റ്റേഷനിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് ഏഴ് ഫീഡറുകൾ ഓഫ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മഴ തുടങ്ങിയത്. മണിക്കൂറോളം നിർത്താതെ പെയ്തമഴയിലാണ് വ്യാപകമായ നഷ്ടം ഉണ്ടായത്. ഇടിമിന്നലും ഉണ്ടായിരുന്നെങ്കിലും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തമ്പാനൂർ എസ്.എസ്. കോവിൽ റോഡ്, പേട്ട-ചാക്ക റോഡ്, പാറ്റൂർ ജങ്‌ഷൻ, പ്രസ് ക്ലബ്ബ് റോഡ്, കവടിയാർ അമ്പലംമുക്ക് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വാൻ റോസ് ജങ്‌ഷൻ, പ്രസ് ക്ലബ്ബ് റോഡ് എന്നിവിടങ്ങളിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് മാൻഹോളുകളുടെ മൂടി തെറിച്ചുപോയി. വെള്ളം ഉയർന്നതിനെത്തുടർന്നുണ്ടായ സമ്മർദത്തിലാണ് മൂടി തെറിച്ചുപോയത്. ജഗതിറോഡിൽ മരംവീണ് വൈദ്യുതി പോസ്റ്റ് തകർന്നു. കഴക്കൂട്ടം-വെട്ടുറോഡിലും മരംവീണു. അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി. മുട്ടടയിൽ മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒരാൾക്ക് പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോേളജിലെത്തിച്ചു.
സബ് സ്റ്റേഷനിൽ വെള്ളം കയറി
മുൻ വശത്തെ കുളത്തിൽ നിന്നുമാണ് മെഡിക്കൽ കോളജ് സബ് സ്റ്റേഷനിലേക്ക് വെള്ളം കയറിയത്. മാലിന്യം നിറഞ്ഞ വെള്ളമാണ് കേബിൾ ഇട്ട കുഴി വഴി അകത്തേക്ക് കയറിയത്. കൺട്രോൾ റൂമിലേക്കും വെള്ളം കയറിയതിനെത്തുടർന്ന് സബ് സ്റ്റേഷൻ അധികൃതർ മെഡിക്കൽ കോളജ് അധികൃതരെ ബന്ധപ്പെട്ടു. പി.ഡബ്ല്യു.ഡി.വിഭാഗം ഉദ്യോഗസ്ഥരെത്തി ജെ.സി.ബി.ഉപയോഗിച്ച് മലിനജലം വഴിതിരിച്ചുവിടുകയായിരുന്നു. കൺട്രോൾ റൂമിലേക്കും വെള്ളം കയറുന്ന അവസ്ഥ ഉണ്ടായതിനാൽ കോഫിഹൗസ്, സൂപ്പർ സ്പെഷ്യാലിറ്റി, എയർഫോഴ്‌സ്, ആനയറ, പട്ടം, കുമാരപുരം, കാമ്പസ് തുടങ്ങിയ ഫീഡറുകൾ ഓഫ് ചെയ്തതായി സബ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണമൂല ഫീഡർ മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
റേഷൻ കടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു
കനത്ത മഴയിൽ വെള്ളം കയറിയ റേഷൻ കടയിൽ കുടുങ്ങിക്കിടന്ന ജോലിക്കാരിയെ രക്ഷിച്ചു. വിഴിഞ്ഞം ടി.ആർ.എൽ.220-ാം നമ്പർ റേഷൻ കടയിൽ കുടുങ്ങിയ നളിനി(58)യെയാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി രക്ഷിച്ചത്. 7.20-ഓടെയാണ് സംഭവം. 15 മിനിറ്റോളം ഇവർ കടയ്ക്കുള്ളിൽപ്പെട്ടുപോയെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം കയറിയതിനെത്തുടർന്ന് ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. 50 ക്വിന്റൽ ഭക്ഷ്യ ഉത്പന്നങ്ങൾ, 40 ലിറ്റർ മണ്ണെണ്ണ എന്നിവ പൂർണമായി നശിച്ചു. കോവളം ഉദയസമുദ്രയ്ക്ക് സമീപം വീട്ടിലും വെള്ളം കയറി. ശശികല എന്ന സ്ത്രീയുടെ വീട്ടിലാണ് മൂന്നടിയോളം വെള്ളം ഉയർന്നത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ഗതിമാറ്റിവിട്ടു. പാച്ചല്ലൂർ റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പൂങ്കുളം ഭാഗത്ത് വസ്തുവിലെ മണ്ണ് നീക്കിയതാണ് വെള്ളം റോഡിലേക്ക് കയറാൻ കാരണമെന്ന് പറയുന്നു. ഇതും അഗ്നിരക്ഷാസേനയെത്തി വെള്ളം ഗതിമാറ്റിവിട്ടു. കോവളം പോലീസ് സ്റ്റേഷനു സമീപം മരം വീണു നാശനഷ്ടമുണ്ടായി. ഇതിനെത്തുടർന്ന് 15 മിനിറ്റോളം ഗതാഗത തടസ്സവുമുണ്ടായി.
Content Highlights: Heavy Rain in Thiruvananthapuram, Rain and and Thunder, Electricity Lost in Thiruvananthapuram